INTERNATIONAL NEWS

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസായിരുന്നു.

31 December 2021 , 10:07 PM

 

പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നായിരുന്നു അന്ത്യം.

ഏപ്രില്‍ 16, 1927, ബവേറിയ, ജര്‍മ്മനിയിലെ ബവേറിയയിലാണ് ജനിച്ചത്. 2005 - 2013 വരെ കാലയളവില്‍ മാര്‍പ്പാപ്പയായിരുന്ന ഇദ്ദേഹത്തിൻ്റെ യഥാര്‍ഥപേര് ജോസഫ് റാറ്റ്സിംഗര്‍ എന്നായിരുന്നു. കൗമാരത്തില്‍ത്തന്നെ ഹിറ്റ്‌ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാസി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്. 2005 ഏപ്രില്‍ 19നു നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു.  ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ് 7ന് സ്ഥാനമേറ്റു. ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്റ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രായാധിക്യംമൂലം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതിനാല്‍ 2013 ഫെബ്രുവരി 28-ന് സ്ഥാനമൊഴിഞ്ഞു. ജര്‍മന്‍, വത്തിക്കാന്‍ പൗരത്വങ്ങളുണ്ടായിരുന്നു.