Spiritual

വിജയാദ്രി എന്ന വെന്നിമല

31 July 2023 , 1:48 PM

 

വിജയാദ്രി / വെന്നിമല 

 

ശ്രീരാമ ലക്ഷ്മണന്മാർ നടത്തിയ സീതാന്വേഷണ യാത്രയുമായി ബന്ധപ്പെടുത്തി കേരളത്തിലെ അനേകം ഇടങ്ങളെക്കുറിച്ചു ഐതിഹ്യങ്ങളുണ്ട് ... അതിലൊന്നാണ് കോട്ടയത്തിനടുത്തുള്ള വെന്നിമല ... 

ഈ സ്ഥലം പണ്ട് ഘോരവനമായിരുന്നു. കപില മഹർഷിയടക്കമുള്ള പല പുണ്യ ഋഷീശ്വരന്മാരും ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു. സമീപത്തുതന്നെയുള്ള ഒരു ഗുഹയിലാണ് ഇവർ തപസ്സനുഷ്ഠിച്ചിരുന്നത്. എന്നാൽ, പലകാലത്തായി ഇവിടെയെത്തിച്ചേർന്ന രാക്ഷസന്മാർ അവർക്ക് ധാരാളം ഉപദ്രവങ്ങൾ ഉണ്ടാക്കി. ആ സമയത്താണ് ശ്രീരാമലക്ഷ്മണന്മാർ ഇതുവഴി കടന്നുപോയത്. സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് ഇരുവരും ഇവിടെയെത്തിയത്. വിവരമറിഞ്ഞ കപിലമഹർഷി മറ്റ് ഋഷിമാർക്കൊപ്പം വന്ന് ഇരുവരെയും യഥാവിധി പൂജിച്ച് ആനയിച്ചു. തങ്ങളെ ഉപദ്രവിയ്ക്കുന്ന രാക്ഷസന്മാരെപ്പറ്റി അവർ ഇരുവരെയും ബോധിപ്പിച്ചു. തുടർന്ന്, രാക്ഷസന്മാരെ വകവരുത്താനായി ശ്രീരാമൻ അനുജനെ പറഞ്ഞുവിട്ടു. മഹർഷിമാർ ലക്ഷ്മണനെ അനുഗമിച്ചു. രാക്ഷസന്മാർ വളരെ ദൂരെനിന്നുതന്നെ അവരുടെ വരവ് കണ്ടു. ലക്ഷ്മണനെ കണ്ടതോടെ രാക്ഷസന്മാർ ആയുധമെടുത്ത് പോരാടാൻ തുടങ്ങി. എന്നാൽ, നിമിഷനേരം കൊണ്ട് ലക്ഷ്മണൻ അവരെയെല്ലാം വകവരുത്തി. മുനിമാർ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അങ്ങനെ ലക്ഷ്മണൻ വിജയക്കൊടി പാറിച്ച സ്ഥലം 'വിജയാദ്രി' എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്, വിജയാദ്രി മലയാളീകരിച്ച് വെന്നിമലയായി.

 

ഇവിടെ ശ്രീരാമ ലക്ഷ്മണ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എട്ടാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാളിന്റെ കാലഘട്ടത്തിലാണ് ..വെന്നിമല ഗ്രാമത്തിന്റെ ഒത്ത നടുക്ക് സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നത്... ആറടിയിലധികം ഉയരമുള്ള ചതുർബാഹു വിഷ്ണുവിഗ്രഹം പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു... ഈ വിഗ്രഹത്തിൽ ശ്രീരാമനും ലക്ഷ്മണനും കുടികൊള്ളുന്നതായി വിശ്വോസിച്ചുപോരുന്നു ...ഒപ്പം ഹനുമാന്റെ അദൃശ്യ സാന്നിധ്യവും ഉണ്ട് ..  ഈ ക്ഷേത്രത്തിൽ രണ്ട്‌ കൊടിമരമുണ്ട് .. കിഴക്ക് പടിഞ്ഞാറ് ദിശകളിൽ നിന്ന് നോക്കുമ്പോൾ പക്ഷെ ഒരെണ്ണമായിട്ടേ തോന്നൂ ... ബലിക്കൽപ്പുരയിൽ അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം...പാലാഴിമഥനം, കിരാതാർജ്ജുനയുദ്ധം, ഭൂതമാലകൾ തുടങ്ങിയവ ദാരുശില്പങ്ങളിൽ കാണാം ... നാലമ്പലത്തിനുള്ളിലാണ് ഇവിടെ കൂത്തമ്പലം ... കേരളത്തിലുള്ളതിൽ വെച്ച് വലിയ 'മിഴാവ്' ഇവിടെയാണുള്ളത് ... എല്ലാവർഷവും മകരമാസത്തിൽ കൂടിയാട്ടം നടത്തുന്നുണ്ട്... കുംഭമാസത്തിലാണ് തിരുവുത്സവം .. ആറാട്ടിന് മൂന്ന് ആനകളിൽ എഴുന്നള്ളിക്കുന്ന കോലങ്ങളിൽ ഒന്ന് ക്ഷേത്രം നിർമ്മിച്ച ചേരമാൻ പെരുമാളിന്റെതാണ് എന്നത് വലിയൊരു പ്രത്യേകതയാണ് ... 

 

ക്ഷേത്രത്തിന് വളരെ അടുത്താണ് 'കപില മഹർഷി' തപസ്സു ചെയ്തു എന്ന് പറയപ്പെടുന്ന കപില ഗുഹ ... "മരങ്ങളിൽ ഞാൻ ആൽ മരവും, മഹർഷികളിൽ ഞാൻ നാരദനും, ഗന്ധർവന്മാരിൽ ഞാൻ ചിത്രരഥനും, ഏറ്റവും മികച്ചവരിൽ ഞാൻ കപിലനുമാണ് " എന്ന് ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നു .. ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് കപില മഹർഷിയാണ് ... അദ്ദേഹത്തിന്റെ ശിഷ്യരാണ് കപിലവസ്തു നഗരം നിർമ്മിച്ചത്. ആ നഗരത്തിലാണ് ശ്രീബുദ്ധൻ ആദ്യകാല ജീവിതം നയിച്ചിരുന്നത്... 

 

മണിപ്രവാള സാഹിത്യകൃതികളിലൊന്നായ ഉണ്ണുനീലി സന്ദേശത്തിൽ വെന്നിമല തെക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു എന്ന് പറയപ്പെടുന്നു ...  

 

കോട്ടയം പട്ടണത്തിൽനിന്നും 12 കി മീ മാറിയുള്ള വെന്നിമല ഗ്രാമവും .. ശ്രീരാമ ലക്ഷ്മണ ക്ഷേത്രവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ് .

( എഴുത്ത് കടപ്പാട്:  മനോജ് കക്കളം)