INTERNATIONAL NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയടക്കം കെണിയിപെടുത്തി പോണ്‍ സിനിമകള്‍ നിർമ്മിച്ച് കോടികൾ സമ്പാദിച്ച പോണ്‍ വെബ്‌സൈറ്റ് ഉടമ പിടിയില്‍.

24 December 2022 , 9:18 PM

 

മോഡലിംഗ് ഏജൻസിയുടെ മറവിലാണ് ഇയാൾ പോൺ വെബ്‌സൈറ്റുകൾ നടത്തിയിരുന്നത്

മോഡലിംഗ് ഏജന്‍സിയുടെ മറവിൽ സ്ത്രീകളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുകയും അവരെ ഉപയോഗിച്ച് പോണ്‍ സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത പോണ്‍ വെബ്‌സൈറ്റ് ഉടമയും ന്യൂസിലാന്‍ഡ് സ്വദേശിയുമായ മൈക്കിള്‍ ജെയിംസ് പ്രാറ്റാണ് പിടിയിലായത്.  അമേരിക്കൻ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ വര്‍ഷങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന കുറ്റവാളിയാണിയാൾ. സ്പാനിഷ് പൊലീസാണ് ഇയാളെ  പിടികൂടിയത്. എഫ് ബി ഐ തിരയുന്ന ക്രിമിനലുകളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുവന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ജെയിംസ് പ്രാറ്റ്  ഗേള്‍സ് ഡൂ പോണ്‍, ഗേള്‍സ് ഡൂ ടോയ്‌സ് തുടങ്ങിയ പോണ്‍ വെബ്‌സൈറ്റുകളുടെ ഉടമകളില്‍ ഒരാളാണിയാൾ. അമേരിക്കൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവിൽ പോയ ഇയാളെ അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ കാലങ്ങളായി പിന്തുടർന്ന് അന്വഷിച്ചു വരികയായിരുന്നു. വിവിധ  രാജ്യങ്ങളിൽ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന ഇയാള്‍ പൊലീസ് എത്തും മുമ്പ് സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു പതിവ്. എന്നാൽ സ്‌പെയിനില്‍ വ്യാജ വിലാസത്തില്‍ കഴിയുന്നതിനിടെയാണ് ഇപ്പോൾ പിടിയിലായത്. 2019-ൽ  ദക്ഷിണ കാലിഫോര്‍ണിയയിലെ ഒരു കോടതിയാണ് ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറൻറ്  പുറപ്പെടുവിച്ചത്.

മോഡലിംഗ് ആഗ്രഹവുമായി എത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയില്‍ വീഴ്ത്തുന്നതിനായി സ്ഥാപിച്ച മോഡലിംഗ് ഏജന്‍സിയുടെ മറവിലാണ് ഇയാള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. സംഘത്തിൻ്റെ കെണിയിൽ പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും  പോണ്‍ സിനിമകളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാളുടെ സംഘത്തിൻ്റെ രീതി. സ്ത്രീകളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും കൊണ്ടുവന്ന് രഹസ്യ താവളങ്ങളില്‍ പൂട്ടിയിട്ടശേഷം , ലൈംഗികമായി പീഡിപ്പിക്കുക, ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും പോണ്‍ സിനിമകളില്‍ അഭിനയിപ്പിക്കുക അതിന് ശേഷം ഇവ വിവിധ പോണ്‍ വെബ് സൈറ്റുകളിലൂടെ വിറ്റ് കോടികള്‍ സമ്പാദിക്കുക ഇതായിരുന്നു ഇവർ ചെയ്തുവന്നിരുന്നത്.