Taste of Kerala

കുടുംബവുമായി കള്ളുഷാപ്പിലേക്ക് പോയാലോ..? കൊതിയൂറും വിഭവങ്ങളുടെ മുല്ലപ്പന്തൽ കാത്തിരിക്കുന്നു

Arun

27 August 2022 , 11:59 AM

 

 തൃപ്പുണ്ണിത്തുറ: കുടുംബസമേതം പോകാനാകുന്ന കള്ളുഷാപ്പുകളിൽ ഏറ്റവും മുൻ നിരയിലാണ് ഉദയംപേരൂരിലെ മുല്ലപ്പന്തൽ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഷാപ്പുകളിലൊന്നാണിതെന്ന് പറയേണ്ടതില്ലല്ലോ?.  ചിങ്ങം പിറന്നെങ്കിലും വെയിൽ മാറി നിന്ന ദിനത്തിലായിരുന്നു യാത്ര. ഇടയ്ക്കിടെ ചാറ്റൽ മഴ ..
 
വർഷങ്ങൾക്കു ശേഷമായിരുന്നു  മുല്ലപ്പന്തൽ യാത്ര. ചെന്നപ്പോൾ ഒരു പാട്    മാറ്റങ്ങൾ. പഴയ മുല്ലപ്പന്തലാണ് ഓർമ്മകളിലത്രയും പടർന്നു പന്തലിച്ചു നിന്നിരുന്നത്. കാർ പാർക്ക് ചെയ്ത ശേഷം  കടന്നു ചെന്നപ്പോൾ  ചുറ്റിനും പടർന്ന് കിടന്ന മുല്ലപ്പന്തൽ നിറയെ ഷാപ്പ് കെട്ടിടം. എ.സി മുറിയും. ഒരു പാട് പേർക്ക് ഒരേ സമയം ഇരിക്കാനുള്ള സൗകര്യങ്ങൾ.  ഷാപ്പിനുള്ളിൽ നിറയെ യുവാക്കളും യുവതികളും. കള്ളും രുചികരമായ വിഭവങ്ങളും തീൻ മേശകളാക്കെ. മുതിർന്ന പൗരന്മാരും അങ്ങിങ്ങായുണ്ട്.
 
കരിമീന്‍ കറി, കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, മീന്‍ തല, ചെമ്മീന്‍, കാട ഫ്രൈ, കൂന്തല്‍, പോർക്ക് ,കപ്പ , ചോറ്  ,പുട്ട് , അപ്പം എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍.
ഫാമിലിയായി വരുന്നവർക്കും  അല്ലാതെ വരുന്നവർക്കും പ്രത്യേകം ഇടവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.  
 
ഇവിടെ വരുന്നവർക്ക് കള്ളിനേക്കാൾ പ്രധാനം വിഭവങ്ങളാണ്. ഷാപ്പ് കറികളുടെ രുചി ഒന്നു വേറെ തന്നെയാണ്. എരിവിന്റെ കാഠിന്യം കൂടുതലായിരിക്കും അതു കുറക്കാനായി അൽപം മധുര കള്ളു കൂടിയായാൽ അടിപൊളി. ഷാപ്പ് രുചികൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് മുല്ലപ്പന്തലെന്ന് 
ഉറപ്പിച്ചു പറയാം. 
 
 

 എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍  സ്ഥിതി ചെയ്യുന്ന  മുല്ലപന്തല്‍ കള്ളു ഷാപ്പിലെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. മലയാള വാർത്ത ടേസ്റ്റ് ഓഫ് കേരളയിൽ മറ്റൊരു രുചിയിടവുമായി വീണ്ടും കാണാം