Taste of Kerala

രാജു ഹോട്ടലിലെ രുചിക്കൂട്ട്

25 March 2023 , 12:05 PM

 

കൊച്ചിയിൽ നിന്നും തിരിച്ചു വരുന്ന വഴിയാണ് ഞങ്ങൾ നാലു പേരും.

ഉച്ച സമയമായത് കൊണ്ട് നല്ല  നാടൻ ചോറു വേണം എന്നായി ഭൂരിപക്ഷം, വഴിയിൽ  പലയിടത്തും നാടൻ ഊണ്, ഇലയിട്ട് ഊണ്, വീട്ടിലെ ഊണ്

കുടുംബശ്രീ ഊണ് എന്നിങ്ങനെ പലതരം ബോർഡുകൾ കണ്ടെങ്കിലും ആറുവരിപ്പാതയുടെ പണി നടക്കുന്നത് കൊണ്ട് ബോർഡ് കണ്ടിടത്തേക്ക്  എത്തിപ്പെടാൻ കഴിയാതെ പോയി. സമയം ഉച്ച മൂന്ന് മണിയോടടുത്തു. ഇതിനിടയിൽ വലിയ വലിയ ധാരാളം ഹോട്ടലുകൾ കടന്നു പോയിരുന്നു.അത് വേണ്ട എന്നു തന്നെ വച്ചു.

ഒടുവിൽ തൃശ്ശൂർ ചിയ്യാരത്ത് എത്തിയപ്പോഴാണ്  ഇടത് ഭാഗത്ത്  ദേവകിയമ്മയുടെ ഊണ് എന്ന ബോർഡ് കണ്ടത്

വലത് ഭാഗത്ത് ഫർണി കിറ്റ് എന്ന വലിയ ഫർണിച്ചർ സ്ഥാപനത്തിൻ്റെ മുറ്റത്ത് കാർ പാർക്ക് ചെയ്ത് റോഡ്

മുറിച്ചുകടന്നപ്പോൾ അവിടെ ഊണ് കഴിഞ്ഞിരിക്കുന്നു. 

കട്ട നിരാശ

 

"ദേ ഇങ്ങോട്ട് വരൂ ഊണ് കഴിക്കാം"

ഒരു പ്രായമായ മനുഷ്യൻ ഞങ്ങളെ ഊഷ്മളമായ പുഞ്ചിരിയോടെ ക്ഷണിച്ചു.ദേവകിയമ്മയുടെ കടയുടെ തൊട്ടടുത്ത് തന്നെ, കൂർക്കഞ്ചേരിക്ക് തിരിയുന്ന വളവിൽ, പഴകിനിറം മങ്ങിയ ഒരു കെട്ടിടത്തിൽ ഒരു ബോർഡുണ്ട്.

" ഹോട്ടൽ രാജു "

വിശന്ന് ക്ഷമ നശിച്ച അവസ്ഥയിൽ മറ്റൊന്നും ആലോചിക്കാൻ മിനക്കെട്ടില്ല

അകത്ത് കയറിയപ്പോൾ

ആരേയും ആകർഷിക്കത്തക്കവിധം

അന്തരീക്ഷമായിരുന്നില്ല

പഴക്കമുള്ള ചില്ലലമാരയിൽ കാലത്തെ അപ്പവും ഇഡ്ഡലിയും ഉണങ്ങിക്കിടക്കുന്നു.

ആകെ ഇടുങ്ങിയ സ്ഥലത്ത്, പത്ത് പന്ത്രണ്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യമേ അതിനകത്തുള്ളൂ.

നല്ല കാലപ്പഴക്കമുള്ള ഫർണിച്ചറുകൾ.പരസ്പരം നോക്കുമ്പോൾ എല്ലാവരുടേയും മുഖത്ത് ദയനീയ ഭാവം.

അതിഗംഭീരമായി പെട്ടു എന്ന കാര്യം ഏതാണ്ട് ഉറപ്പായി.

പഴകിയ ഒരു ഫാൻ നീണ്ട കാലിൽ തീരെ താല്പര്യമില്ലാത്ത പോലെ ഒരു ഗുണവുമില്ലാതെ കറങ്ങിക്കൊണ്ടിരുന്നു.

ഊണ് ഇലയിൽ വേണോ പ്ലേറ്റിൽ വേണോ?  

അദ്ദേഹം അടുത്ത് വന്ന് ചോദിച്ചു. വളരെ മെല്ലയാണ് അദ്ദേഹം സംസാരിക്കുന്നതും. നടക്കുന്നതും, ജോലി ചെയ്യുന്നതുമൊക്കെ.

ഇലയിൽ മതി.

പക്ഷേ,

നിരത്തിയത് പേപ്പർ ഇല.

എല്ലാവർക്കും ചിരി പൊട്ടി.

ചേട്ടൻ്റെ പേരെന്താ?

രാജു.

ചേട്ടൻ്റെ പേര് തന്നെയാണ് ഹോട്ടലിനും.

"സഹായത്തിന് വേറെ ആരുമില്ലേ "

നാല് ഗ്ലാസ്സിൽ വെള്ളവുമായി വന്ന

ചേട്ടനോട് ഞാൻ ചോദിച്ചു.

"വീട്ടിലേ ആളുണ്ട്.

അവൾ അപ്പുറത്ത് പാത്രങ്ങൾ കഴുകുകയാണ്.. "

നല്ല സ്വാദുള്ള പതിമുഖമിട്ട് 

തിളപ്പിച്ച വെള്ളം.

ഒരു പാത്രത്തിൽ നിന്ന് അദ്ദേഹം

പയർ ഉപ്പേരി ആദ്യം വിളമ്പി.

പിന്നെ പരിപ്പും വെള്ളരിയും

മഞ്ഞക്കളറിൽ വറ്റിച്ചു വച്ചൊരു

തൊട്ടുകൂട്ട്.അച്ചാറ്, പപ്പടം,

എന്തൊരു സ്വാദ്.

ചോറിന് ഉണക്ക ചെമ്മീൻ കറിയും,

സാമ്പാറും.

കഴിച്ചു തുടങ്ങിയതോടെ വിശ്വസിക്കാനാവാത്തതുപോലെ എല്ലാവരും പരസ്പരം നോക്കി. 

അമ്പരപ്പിച്ച സ്വാദായിരുന്നു ഓരോ വിഭവത്തിനും.

മീൻ വറുത്തത് കഴിഞ്ഞു.

ഓംലറ്റ് ഉണ്ടാക്കിത്തരാം

ച്ചിരി സമയമെടുക്കും..

രാജു ചേട്ടൻ, ഓരോരുത്തരുടേയും ഇലയിൽ  തീർന്നു പോയതൊക്കെ

വീണ്ടും വിളമ്പിക്കൊണ്ട് പറഞ്ഞു.

സമയം പ്രശ്നമല്ല

ചേട്ടൻ തുടങ്ങിക്കോ.

ആദ്യത്തെ ഓംലറ്റ് വന്നു.

അതും സൂപ്പർ.

എല്ലാവരും നന്നായി കഴിച്ചു.

രാജുചേട്ടനോടും കടയോടും അവിടുത്തെ നടപ്പു രീതിയോടും തോന്നിയ പുച്ഛവും പരിഹാസവും

പമ്പ കടന്ന്  ആരാധനയായി എല്ലാവർക്കും.

അത്രയ്ക്ക് രുചിയുള്ള ഭക്ഷണം തന്നെ.

പത്തറുപത് വയസ്സിന് മേലെ കാണും

രാജ്യുച്ചേട്ടന്.അദ്ദേഹത്തിൻ്റെ അച്ഛൻ തുടങ്ങിയ ഹോട്ടലാണ്.

അപ്പോ പഴക്കം പറയേണ്ടല്ലോ.

പക്ഷേ പഴകും തോറും രുചി

കൂടിക്കൂടി വന്നതല്ലാതെ ലാഭം തരുന്ന യാതൊരു കൃത്രിമത്വത്തിൻ്റേയും പുറകേ പോയിട്ടില്ല.

കണ്ടപ്പോൾ നിങ്ങൾക്കൊക്കെ നല്ല വിശപ്പുണ്ടെന്ന് തോന്നി.

അതാണ് പുറത്തിറങ്ങി വിളിച്ചത്.

വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുമ്പോൾ മനസ്സിന് ഒരു സംതൃപ്തിയാണ്. രാജു ചേട്ടൻ്റെ മുഖത്ത് ഞങ്ങളെ ഹോട്ടലിലേക്ക് ക്ഷണിച്ചപ്പോഴുള്ള അതേ ചിരി.

ഞങ്ങൾക്ക് കഴിക്കാൻ തയ്യാറാക്കുന്നതിൻ്റെ കൂടെ എല്ലാം കുറച്ചു കൂടുതൽ ഉണ്ടാക്കുന്നു.

അതു കൊണ്ടു തന്നെ രുചി ഒരിക്കലും മാറില്ല.

അച്ഛനായിട്ട് ഉണ്ടാക്കിയെടുത്ത

ഒരു വിശ്വാസമാണ്. അത് കളയാൻ പറ്റില്ലല്ലോ. ആവുന്ന കാലം വരെ ഇത് തുടരണം.

സ്വന്തം പ്രായത്തിൻ്റേയും

കടയുടേയും പുതുസമൂഹത്തിൻ്റെയും പരിമിതി നന്നായി മനസ്സിലാക്കിയത് കൊണ്ട്,

അധികമായി ഭക്ഷണം ഉണ്ടാക്കി വയ്ക്കാറില്ല. വർഷങ്ങളായുള്ള പതിവു കച്ചവടക്കാരുണ്ട്. അതിനേക്കാൾ നാലഞ്ച് പേരെ കൂടുതൽ കണക്കാക്കും

അതുമതി രാജു ചേട്ടനും

ഭാര്യയ്ക്കും സുഖമായി കഴിയാൻ.

 

ആളുടെയും കടയുടേയും രൂപം കണ്ട് മുൻവിധി പൂണ്ടതിലുള്ള ജാള്യത ഞങ്ങൾക്കുണ്ടായിരുന്നെങ്കിലും

മനസ്സും വയറും നിറഞ്ഞാണ് ഞങ്ങളാ പടിയിറങ്ങിയത്.

എത്ര യാത്രകൾ...

എവിടെയൊക്കെ പോയിരിക്കുന്നു.

പക്ഷേ, ഇതു പോലെ വിശുദ്ധി തോന്നിയൊരു ഭക്ഷണാനുഭവം മുമ്പുണ്ടായിട്ടില്ല.

 

എഴുത്ത്: പ്രതാപ് മൊണാലിസ

(കടപ്പാട്)