Taste of Kerala

കൊല്ലത്തെ ഇന്ത്യൻ കോഫി ഹൗസ് ഇനി ഓർമ്മയിലെ രുചിക്കൂട്

13 June 2023 , 1:21 AM

 

 

 

ഇനി ഒരാഴ്ചകൂടി മാത്രം, കൊല്ലം ഇന്ത്യൻ കോഫീ ഹൌസ് ജൂൺ 15 അടച്ചുപൂട്ടും. 1965 ലാണ് ഇന്ത്യൻ കോഫി ഹൌസ് കൊല്ലത്ത് ആരംഭിക്കുന്നത്. അന്നത്തെ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ടി കെ ദിവാകരനാണ് പോളയത്തോട്ടിൽ ഇന്ത്യൻ കോഫീ ഹൌസ് തുറന്നുകൊടുത്തത്. 

 

അവിടെനിന്നാണ് മെയിൻ റോഡിലേക്ക് മാറിയത്. പ്രസിദ്ധ കശുവണ്ടി വ്യവസായിയായിരുന്ന NANR എന്ന ചുരക്ക പേരിൽ അറിയപ്പെട്ടിരുന്ന എൻ ഏ നാരായണ റെഡ്ഢിയാരുടെ വക സ്ഥലത്തായിരുന്നു  കോഫീ ഹൌസ് കപ്പലണ്ടി മുക്കിൽനിന്നും മാറ്റി സ്ഥാപിച്ചത്. മെയിൻ റോഡിന്റെ പുഷ്ക്കരകാലത്ത് കൊല്ലം കമ്പോളത്തിൽ വരുന്ന ആരും ഷോപ്പിംഗ് കഴിഞ്ഞ് കോഫി ഹൌസിൽ കേറി ഒരു മസാലദോശ തിന്നാതെ വീട്ടിലേക്ക് വണ്ടി കേറില്ലായിരുന്നു. രാധാസിന്റെയും ബ്യൂട്ടി പാലസ്സിന്റെയും, കല്പനയുടെയും, ആസാദ് ഹോട്ടലിന്റെയും നടക്കുകിടന്ന കോഫി ഹൌസിലെ മസാലദോശയും ഒരു കാപ്പിയും കഴിച്ചിറങ്ങുന്ന കുടുംബത്തിന് വരുന്ന ചെലവ് തുച്ഛമായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ അന്തരിച്ച എന്റെ സുഹൃത്ത്  എസ് എൻ കോളേജ് അദ്ധ്യാപകൻ ജി വിജയകുമാറാണ് എനിക്ക് ആദ്യമായി ബിരിയാണി ഇവിടെനിന്നും വാങ്ങി തരുന്നത്. ചോറിനുള്ളിൽ ഒളിപ്പിച്ചു വെച്ചപോലെ തോന്നുന്ന പുഴുങ്ങിയ മുട്ട കണ്ട അതിശയം എനിക്ക് ഇന്നും മാറിയിട്ടില്ല. പിന്നെപ്പിന്നെ മസാല ദോശ, ബീഫ് കട്ലട്ട്, ഡബിൾ സ്ട്രോങ്ങ് കോഫി, ഓംലറ്റ്, പൊറോട്ട ബീഫ് കറി എന്നിവ കഴിക്കാത്ത ഞായറാഴ്കളില്ലാതായി. റോസ്സ് മിൽക്ക് ഇവരുടെ ബ്രാൻഡ് ഡ്രിങ്ക് ആയിരുന്നു. ഒരിക്കലും ഉച്ചയൂണ്  വിളമ്പാത്തവർ എന്ന ദുഷ്‌പേര് ഈയിടെ അവർ മാറ്റിയിരുന്നു. 

 

ബീറ്റ്റൂട്ട് എന്ന കിഴങ്ങിന്റെ വിവിധ ഉപയോഗങ്ങൾ കണ്ടുപിടിച്ചത് ത്രിശൂർ ആസ്ഥാനമാക്കിയ ഈ തൊഴിലാളി സഹകരണ സ്ഥാപനമായിരിക്കും.  മസാലദോശയിലും, വെജ് കട്ലെറ്റിലും, പൂരി മസാലയിലും എന്ന് വേണ്ട, എന്നേ ഇത്രമാത്രം ബീറ്റ് റൂട്ട് തീറ്റിച്ചത് ICH ആയിരുന്നു. ബെൽറ്റും കെട്ടും ധരിച്ച് ജില്ല കളക്ടറുടെ ഡഫെദാർ പോലെയുള്ള സീനിയർ സപ്പ്‌ളൈ ചേട്ടമ്മാർ,  വെറും വെള്ള വേഷം ധരിച്ചവർ ജൂനിയർ സപ്ലൈയെർസ്.  സീനിയറായിട്ടിട്ടുള്ള ജീവനക്കാരെ പരീക്ഷവഴിയാണ് കാഷ്യർ പദവിലേക്ക്  നിയമിക്കുന്നത്. അതിനു ശേഷം അടുത്ത പരീക്ഷ വഴി മാനേജർ തിരെഞ്ഞെടുപ്പ്.

 

ടിപ്പിന് കാത്തുനിൽക്കാതെ, അകത്തേക്ക് നോക്കി "രണ്ടിലൊന്ന് വിതൗട്ട് " എന്ന് ഒരിക്കലും വിളിച്ചു കൂവാതെ നിശബ്ദമായി ജോലി ചെയ്യുന്ന ഒരുപറ്റം ജീവനക്കാരായിരുന്നു ഇവിടെയുള്ളത്. സഖാവ് എ കെ ജിയെ മാലയിട്ടു ആദരിക്കുന്ന പടങ്ങളുടെ കൂടെ എല്ലായിടത്തും ചെഞ്ചോര മാലയില്ലാതെ ഗാന്ധിജിയും, നെഹ്രുവും, ഇന്ദിരഗാന്ധിയും ഉണ്ടാകും.

കൊല്ലം മെയിൻ റോഡിലെ കോഫി ഹൗസിനുള്ളിലെ വട്ടമേശക്ക് ചുറ്റുമിരന്ന ബാലചന്ദ്രമേനോൻ ഉൾപ്പെടെയുള്ള യുവാക്കളുടെ ചിന്തയാണ് ഏപ്രിൽ 18 മുതലുള്ള ഹിറ്റ്‌ സിനിമകളുടെ ജനനം. മാധവൻ കുട്ടിയും ജ്യോത്സൻ വേണുവും കൂട്ടരും കൂടിയിരുന്നുള്ള നിത്യ ചർച്ചയിൽ കൊല്ലത്ത് ആദ്യമായി ചിത്രലേഖ ഫിലിം സൊസൈറ്റി രൂപമെടുത്തു. (അതോ സുവർണ്ണ രേഖയോ?)

 

നിരവധി വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കോഫി ഹൌസ് മെയിൻ റോഡിൽനിന്നും ഒഴിയേണ്ടി വന്നത്.

 

അർച്ചന ആരാധന തിയേറ്റർ കോംപ്ലക്സ്സിലേക്ക് മാറുമ്പോൾ അവിടെയന്ന്‌ അഭിലാഷ് റെസ്റ്റാറന്റ് എന്ന പേരുള്ള ഒരു ഹോട്ടൽ പ്രവർത്തിക്കുന്നത് ഒഴിഞ്ഞു കിടക്കയായിരുന്നു.

 

ദീർഘനാൾ പൂട്ടികിടന്ന തിയേറ്ററിന്റെ സ്ഥിതിയും, റോഡിൽനിന്നും ഉള്ളിലേക്ക് മാറിയുള്ള കിടപ്പും കോഫി ഹൗസിന്റെ പതനത്തിന് കാരണമായേക്കാം.

 

എന്തായാലും ഇന്ത്യൻ കോഫി ഹൗസും 

കൊല്ലത്തിന് നീറുന്ന ഓർമ്മയായി. കുന്നോളം സങ്കടമുണ്ട്..

 

(കടപ്പാട്

കെ ആർ രവി മോഹൻ

ശബരി കൊല്ലം 12

Ph 9446310024)