Taste of Kerala

പോകാം.. മാർക്കയിൻ കോട്ടയിലെ രുചി വൈവിധ്യം നുകരാം

16 October 2022 , 7:02 PM

 

രുചി വൈവിധ്യം തേടി മാർക്കയിൻ കോട്ടയിലേക്ക് ഒരു യാത്ര... ടേസ്റ്റ് ഓഫ് കേരള എന്നാണ് മലയാള വാർത്തയിലെ ഈ കോളത്തിൻ്റെ പേരെങ്കിലും പകുതി കേരള സ്റ്റൈലിലുള്ള തമിഴ്നാട്ടിലെ ഹോട്ടലിൻ്റെ വിശേഷമാണ് ഇന്ന് പങ്കു വയ്ക്കുന്നത്.

- ഇടുക്കി കട്ടപ്പനയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് മാർക്കയിൻകോട്ട, ഇത്രയും ദൂരം താണ്ടിയത് വെറുതെയായില്ല. 35 ഓളം നോൺ വെജിറ്റേറിയൻ കറികൾ... ചിക്കന്റെ പല വകഭേദങ്ങൾ നാടൻ കോഴിക്കറി, ചിക്കൻ തന്തൂരി, ചെട്ടിനാട്, ഗിനിക്കോഴി അതുപോലെ തന്നെ മട്ടന്റെയും താറാവിന്റെയും പല വകഭേദങ്ങൾ തലക്കറി, മുയൽ, ചെമ്മീൻ, അയല, കൊഞ്ച്, ഞണ്ട്, പിന്നെ കണ്ടിട്ടും കഴിച്ചിട്ടും മനസ്സിലാവാത്ത വേറെ എന്തൊക്കെയോ ഐറ്റംസ്...

മെനു കാർഡ് തമിഴിൽ ആയിരുന്നു. അതുകൊണ്ട് കടക്കാരൻ ചേട്ടനോട് പറഞ്ഞു ഇതു മുഴുവൻ കൂടി കഴിക്കാനുള്ള കപ്പാസിറ്റി ഞങ്ങൾക്കില്ല, പക്ഷെ ടേസ്റ്റ് അറിയണം. ആ രീതിയിൽ തരാൻ പറഞ്ഞു. കടക്കാരന്റെ നല്ലൊരു ചിരിയും "ശരി പണ്ണിടലാം" എന്ന വാക്കും.  ഒരു മണിക്കൂർ കൊണ്ട് ഏകദേശം 25 ഓളം ഐറ്റംസ് ഞങ്ങൾ ടേസ്റ്റ് ചെയ്തു. പറഞ്ഞറിയിക്കാനോ എഴുതിയറിയിക്കാനോ പറ്റാത്തത്ര അസാധ്യ രുചി. 24 വർഷം മുൻപ് തുടങ്ങിയ ഇഡ്ഡലിക്കടയാണ് ഇന്ന് ജ്യോതിസ് ഹോട്ടൽ എന്ന പേരിൽ ഇത്രയും പ്രസിദ്ധമായത്. 

ഉച്ച ഭക്ഷണം കൂടാതെ പ്രഭാത ഭക്ഷണമായി ഇഡ്ഡലി, പൊങ്കൽ, ദോശ, പൊറോട്ട തുടങ്ങിയവയും ലഭ്യമാണ്.

തമിഴ്നാട്ടിലെ കമ്പത്തു നിന്നും 18 കിലോമീറ്റർ അകലെയാണ് മാർക്കയിൻകോട്ട. കമ്പം - തേനി റൂട്ടിൽ ഉത്തമപാളയത്തുനിന്നും ബോഡിക്ക് പോകുന്ന വഴി തിരിഞ്ഞാൽ മാർക്കയിൻ കോട്ടയിൽ എത്തിച്ചേരാം.

( എഴുത്ത് :ലാൽബിന്ദ് മുറ്റത്തേഴത്ത് .. )