Taste of Kerala

കൽപ്പറ്റയിലെ നാടൻ രുചിയുടെ 'രാമവിലാസം'

16 February 2023 , 1:06 PM

 

 

നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും എത്തും എന്നൊരു ചൊല്ലുണ്ടത്രേ. അറിഞ്ഞില്ല , ആരും പറഞ്ഞില്ല എന്ന് പറയരുത് , ഇന്ന് ഉച്ചയ്ക്ക് അതൊന്ന് മാറ്റി, നല്ല ഊണ് വയനാട്ടിൽ ഉണ്ടെങ്കിൽ അത് തേടി കോഴിക്കോട് നിന്നും ആളുകൾ  എത്തും എന്നാക്കി. സംഗതി സത്യമാണ്.

കല്പറ്റ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഇളം ചൂടുള്ള നട്ടുച്ച വെയിൽ കൊണ്ട് നടന്നപ്പോൾ ചുങ്കം ജംഗ്ഷനിൽ പി. ഡബ്ലു.ഡി റോഡിലൊരു ആൾക്കൂട്ടം. ഈ നേരത്ത് കേരളത്തിൽ ആൾക്കൂട്ടം കാണുന്നത് ഒരേയൊരു സ്ഥലത്താണ്. ബിവറേജ്ന് മുന്നിൽ. നട്ടുച്ച വെയിലിലും ആൾക്കൂട്ടം അനുസരണയോടെ വരി നിൽക്കുന്ന വേറെ ഒരിടം പറഞ്ഞു തരുമോ ? അടുത്ത് ചെന്ന് തലയിട്ട് നോക്കിയപ്പോഴാണ് മുൻവിധി കരിഞ്ഞ മണം ഉയർന്നത്.ഒപ്പം നല്ല നാടൻ സാമ്പാറി ൻ്റെ രുചി ഊറുന്ന മണവും. ഇത് വയനാടിൻ്റെ സ്വന്തം രാമവിലാസം ഹോട്ടൽ.

പേരിൽ ഹോട്ടെൽ എന്നൊക്കെ ഉള്ള ഗമ ഉണ്ടെങ്കിലും പഴയ വീടിൻ്റെ ചായ്പ്പു പോലെ ഒരിടം. 16 പേർ മറ്റെങ്ങും നോക്കാതെ ഇലയിൽ വിളമ്പിയ ചോറും കറികളുമായി സംവദിക്കുന്നു. കടുത്ത ഏകാഗ്രത തന്നെ. അവരെ ഊട്ടാനായി ഇത്തിരി പോന്ന സ്ഥലത്ത് ഓടിക്കളിക്കുന്ന നാല് പേരും.ഈ കാഴ്ച കണ്ടു കൊണ്ട് ഊഴം കാത്ത് 160 പേർ (ഇത്തിരി അതിശയോക്തി കൂടുതലാ ) പുറത്തും. അവരും കളത്തിലിറങ്ങി കളിക്കാൻ തഞ്ചം പാർത്ത് നിൽക്കുന്ന വർ.അര മണിക്കൂർ വരി നിന്ന് അകത്ത് ഇടം പിടിച്ചപ്പോൾ നല്ല വെള്ളം വാർന്ന തൂശനിലയിൽ കുത്തരി ചോറ്. മുകളിൽ തനി നാടൻ സാമ്പാറ് , അരികിൽ മഞ്ഞ ഉടുപ്പിട്ട വെള്ളരിക്കറി . പിന്നാലെ വി നാഗിരി ക്ക് അയിത്തം കൽപ്പിച്ച നാരങ്ങ അച്ചാർ, ഇത്തിരി ചുവന്ന കൊടി പിടിച്ച നാടൻ ഉപ്പേരി, പപ്പടം, തൈര് . ചെറിയ ഗ്ലാസിൽ കറിവേപ്പില വീണ് കുതിർന്ന മോരും. അവസാനമെത്തിയപ്പോൾ യഥാർത്ഥ നായകൻ അവതരിച്ചു. ശർക്കരവരട്ടി ഉരുക്കി , ഇത്തിരി നെയ്യ് കുറി പോലെ  തൊട്ട നാടൻകുത്തരി പായസം .ഒടുവിൽ വീടിന്റെ , പഴയ കേരളത്തിന്റെ ഓർമയൊക്കെ പുതുക്കി കൈ കഴുകി എഴുന്നേൽക്കുന്നവർ വെറും 65 രൂപ ഗൂഗിൾ പേ ചെയ്ത് ഇറങ്ങിപ്പോകുന്നു. ആ ആനന്ദപ്പാച്ചിലിൽ അവരുടെ മനസ്സിൽ പതിഞ്ഞ പേര് എന്തായാലും രാമ വിലാസം എന്നാവില്ല, ഊണ് വിലാസം എന്ന് തന്നെയാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യ വുമില്ല. അകത്ത് ഓടിപ്പാഞ്ഞ് നടക്കുന്ന ആ കുറി തൊട്ട മനുഷ്യനാണ് കാരണക്കാരൻ. ഈ സകലമാന കറികൾക്കും അമ്മാതിരി രുചി ഉണ്ടാക്കുന്ന പഹയൻ .

എഴുത്ത് : സി.എം ബിജു (കടപ്പാട്)