Taste of Kerala

ഷാജിയേട്ടാ.. ഒരു ചായ

Hemanth Raj

19 August 2022 , 3:25 PM

 

കോട്ടയം ഏറ്റുമാനൂർ എറണാകുളം റോഡിൽ പട്ടിത്താനം ജങ്ഷനിൽ എത്തിയാൽ വൈകുന്നേരങ്ങളിൽ ഈ വിളി പതിവാണ്.. തട്ടുകടയിലെ ചായയും ചെറുകടിയും എനിക്കൊരു ഹരമാണ്.. മേമ്പൊടിക്ക് ഒരു ചെറിയ മഴകൂടി ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയാനില്ല.  അതുകൊണ്ടാണ് വിളിപ്പാടകലെ വീടുണ്ടായിട്ടും വൈകുന്നേരങ്ങളിൽ ഒരു ചായ കുടിക്കാൻ തോന്നിയാൽ നേരെ തട്ടുകടയിലേക്ക് ഓടുന്നത്. കടയിൽ എത്തുന്നവർ ആദ്യം വിളിക്കുന്നത് ചേച്ചിയെ ആണെങ്കിലും ചായ റെഡിയാക്കി കൊടുക്കാനും പലഹാരം ചൂടോടെ മുന്നിലെത്തിക്കാനും ഓടി നടക്കുന്നത് ഷാജിയേട്ടനാണ്. പക്ഷേ ആരും ഷാജിയേട്ടാ ഒരു ചായ എന്ന് പറയാറില്ല.. ഈ പക്ഷാപാതത്തിന് ഷാജിയേട്ടൻ മറുപടി നൽകുന്നത് ഇത്തിരി രസകരമായിട്ടാണ്..  വലിയൊരു ബോർഡ് എഴുതി കടയ്ക്ക് മുന്നിൽ വെച്ചു.."ഷാജിയേട്ടാ ഒരു ചായ"..ഇതാണ് കടയുടെ പേര്.. ചായ മാത്രമല്ല അതി ഗംഭീര കാപ്പിയും കിട്ടും ഇവിടെ.. കാപ്പിക്കുരുവും ചുക്കും പിന്നെ ചില പൊടിക്കൈകളും കൂട്ടിച്ചേർത്ത കാപ്പിയുടെ രുചി പറഞ്ഞറിയിച്ചാൽ ശരിയാവില്ല.. നാട്ടിലെത്തിയാൽ ഈ കടയിൽ എത്തി ഒരു ചായ പതിവാണ്.. അതും കൂടി ചേരുമ്പോഴാണ് എന്നിലെ ഏറ്റുമാനൂരുകാരൻ പൂർണമാവുന്നത് എന്ന് തോന്നാറുണ്ട്.  കഴിഞ്ഞ ദിവസവും ആ പതിവ് തെറ്റിയില്ല. വേനൽമഴ കൊതിപ്പിച്ചു കടന്നുപോയെങ്കിലും ചെറിയ ചാറ്റൽമഴയുടെ മേമ്പൊടിയിൽ അവിടെയെത്തി ഒരു ചായ കുടിച്ചു..( ഞാനും പറഞ്ഞത് ചേച്ചീ ഒരു ചായ എന്നു തന്നെ ) . ഞായറാഴ്ചയുടെ ആലസ്യത്തിൽ ആയതിനാൽ അവിടെ പതിവ്‌ തിരക്ക് ഇല്ല. വരുന്ന ദിവസങ്ങളിൽ പഴനിയിൽ പോവാനുള്ളതിനാൽ ഞായറാഴ്ച കൂടി ജോലിക്കെത്തിയതാണ് ഷാജിയേട്ടനും ചേച്ചിയും.. ചായക്കൊപ്പം നാടും നാട്ടുകാരും മക്കളുടെ പഠനവും ഒക്കെ വിഷയമായി..  നല്ല ചൂടും രുചിയും സ്നേഹവും ചേർത്തൊരു ചായ. അതിരമ്പുഴ പള്ളിക്കും ഏറ്റുമാനൂരപ്പനും ഇടയിലുള്ള പാതയിൽ രുചികൂട്ടുമായി ഷാജിയേട്ടന്റെയും ചേച്ചിയുടെയും ഈ ചിരിയും സ്നേഹവും എന്റെ  നാടിന്റെ നിറമുള്ള മുഖമായി എന്നും നിലനിൽക്കട്ടെ .

(ശ്രീ.ഹേമന്ദ് രാജിൻ്റെ കുറിപ്പ്..)