Viral News

ട്രെയിനില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞ 18കാരിയ്ക്ക് തുണയായി രണ്ട് യുവാക്കള്‍

Laavanya Lal

19 January 2023 , 3:30 PM

 

എറണാകുളം: വീടുവിട്ടിറങ്ങി ട്രെയിനില്‍ കിലോമീറ്ററുകളോളം താണ്ടിയ 18 വയസുള്ള പെണ്‍കുട്ടിക്ക് തുണയായി യുവാക്കള്‍. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടില്‍ പറയാതെ ഇറങ്ങിയത്. ശബരി എക്‌സ്പ്രസില്‍ കയറി യാത്ര തിരിച്ച പെണ്‍കുട്ടിയെ ഇതേ ട്രെയിനില്‍, ഇടപ്പള്ളിയിലെ ലുലു മാള്‍ കാണുന്നതിന് ഒറ്റപ്പാലത്തു നിന്നു കയറിയ പാലക്കാട്ടെ ഹോട്ടലിലെ വെയിറ്റര്‍മാരായ മണക്കാവ് ചെമ്മുക്ക കളരിക്കല്‍ വീട്ടില്‍ വിഷ്ണുവും (22) കിഴക്കുംപുറം പള്ളത്തുപടി വീട്ടില്‍ സുമിന്‍ കൃഷ്ണനും (20) വീട്ടുകാരെ കണ്ടെത്തി ഏല്‍പിച്ചത്.

ട്രെയിനിലിരുന്നു പെണ്‍കുട്ടി കരയുന്നതു കണ്ട് ഇവര്‍ കാര്യം തിരക്കിയപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്കു നിരന്തരം കോളുകള്‍ വരുന്നതും എടുക്കാതിരിക്കുന്നതും ശ്രദ്ധയില്‍പെട്ട യുവാക്കള്‍ കൊച്ചിയിലെത്തിയപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ നോര്‍ത്ത് സ്റ്റേഷനില്‍ നിര്‍ബന്ധിച്ച് ഇറക്കി. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നു വീട്ടുകാരെ വിളിച്ചറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാക്കള്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.

എ.എസ്.ഐ ഇടപെട്ടു: യുവാക്കള്‍ക്ക് ലുലുമാള്‍ ഇനി ആസ്വദിച്ച് കാണാം

പെണ്‍കുട്ടിയെ സുരക്ഷിതമായി വീട്ടുകാരുടെ കയ്യില്‍ ഏല്‍പ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ലുലുമാള്‍ കാണാതെ മടങ്ങേണ്ടി വരുമല്ലോ എന്ന നിരാശയില്‍ നിന്ന ചെറുപ്പര്‍ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജി കുട്ടപ്പന്‍ തുണയായി .യുവാക്കള്‍ ജോലി ചെയ്യുന്ന ഒറ്റപ്പാലത്തെ ലക്‌സി ഡൈന്‍ ഹോട്ടലുടമയെ വിളിച്ച് ജീവനക്കാര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയും അവര്‍ക്ക് ഇന്ന് കൂടി ലീവ് നീട്ടി വാങ്ങുകയും ചെയ്തു .തുടര്‍ന്ന് യുവാക്കള്‍ക്ക് താമസിക്കാന്‍ എഎസ്‌ഐ അജി കുട്ടപ്പന്‍ മുറിയെടുത്തു നല്‍കുകയും ചെയ്തു. വ്യാഴാഴ്ച ലുലുമാള്‍ കണ്ട് യുവാക്കള്‍ പാലക്കാടേക്ക് മടങ്ങും.