PRAVAASA LOKAM

വിമാനയാത്രയിലെ പ്രശ്‌ന പരിഹാരത്തിന് എന്ത് ചെയ്യണം? എന്താണ് എയര്‍ സേവ സേവനം?

Shibu Padmanabhan

18 June 2023 , 3:30 PM

 

ദോഹ: വിമാന യാത്രക്കാര്‍ പലതരം ബുദ്ധിമുട്ടുകളാണ് പലപ്പോഴായി നേരിടുന്നത്.
ഈ ഘട്ടത്തില്‍ എന്തു ചെയ്യും. എങ്ങനെ പരാതി നല്‍കും.

മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റെടുത്ത് യാത്രപുറപ്പെടാനായി വിമാനത്താവളത്തിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടുമെന്നറിയിച്ച സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിമാനം പുറപ്പെടുന്നില്ല.
നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഗേജ് കിട്ടിയില്ല..

എന്താണ് നഷ്ടപരിഹാരത്തിനുള്ള വഴി?
ഇത്തരം ആധികള്‍ ഒരുപാട് പേരാണ് പലപ്പോഴായി പങ്കുവെക്കുന്നത്.

അവര്‍ക്കുള്ള ഉത്തരമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പരാതി പരിഹാര സംവിധാനമായ 'എയര്‍ സേവ'.

എയര്‍ സേവ ആപ്ലിക്കേഷന്‍ വഴിയോ, വെബ്‌സൈറ്റ് വഴിയോ പി.എന്‍.ആര്‍ നമ്പര്‍ സഹിതം 'എയര്‍ സേവ'യില്‍ പരാതി നല്‍കാം  പ്രീ ട്രാവല്‍, യാത്രക്കിടയില്‍, യാത്രക്കുശേഷം എന്നീ ഓപ്ഷനുകളില്‍ എയര്‍ലൈന്‍, എയര്‍പോര്‍ട്ട്, കസ്റ്റംസ്, ഡി.ജി.സി.  ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളുമായെല്ലാം ബന്ധപ്പെട്ട് പരാതി നല്‍കാന്‍ കഴിയും.

നാട്ടിലേക്കുള്ള യാത്ര ആയാസരഹിതമാക്കാനും നാം നേരിടുന്ന പല കാര്യങ്ങളിലും അവകാശങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാനുള്ള സംവിധാനം എന്ന നിലയില്‍ എയര്‍ സേവ'യെ ഓരോ പ്രവാസിയും  അറിഞ്ഞിരിക്കണം.

ഇന്ത്യയിലെ വിമാന കമ്പനികള്‍, എയര്‍പോര്‍ട്ടുകള്‍ മുതലായവയുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കിയിട്ട് പര്യാപ്തമായ പരിഹാരം കാണുന്നില്ലെങ്കില്‍
പ്രയോജനപ്പെടുത്താവുന്ന ഫലപ്രദ സംവിധാനമാണ് എയര്‍ സേവ സേവ ആപ്.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. വിമാനം റദ്ദാക്കല്‍, കാന്‍സല്‍ ചെയ്യല്‍, നേരം വൈകി പുറപ്പെടല്‍ എന്നീ സാഹചര്യങ്ങളില്‍ നിയമാനുസൃത നഷ്ടപരിഹാരം ലഭിക്കല്‍ ബാഗേജ്, റീഫണ്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍, ഡി.ജി.സി.എ. സെക്യൂരിറ്റി ചെക്ക്, എയര്‍പോര്‍ട്ടിലെ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും പരാതി ബോധിപ്പിക്കാന്‍ സാധിക്കും.

ലഭിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ എയര്‍ പോര്‍ട്ടിലും ഓരോ നോഡല്‍ ഓഫിസര്‍ ഉണ്ടായിരിക്കും. സമയ ബന്ധിതമായി പരാതികള്‍ക്ക് പരിഹാരം കാണേണ്ടത് ബന്ധപ്പെട്ട എയര്‍പോര്‍ട്ടുകളുടെയും എയര്‍ലൈന്‍ കമ്പനികളുടെ ബാധ്യതയാണ്. സമയബന്ധിതമായി പരിഹാരം കാണാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നടപടി വരുന്നതാണ്. ലഭിച്ച പരിഹാരത്തിന്‍ മേല്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അതിനുള്ള അവസരവും ഉണ്ട്. ഈ സംവിധാനം വഴി 74,000 ത്തിലധികം പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.