PRAVAASA LOKAM

ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളാകുന്നു: ആശങ്ക!

19 September 2023 , 4:19 PM

 

ഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ, കനേഡിയന്‍ ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. കനേഡിയന്‍ ഹൈകമീഷ്ണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നടപടി അറിയിച്ചത്. അഞ്ചു ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുകൊണ്ട് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ചേര്‍ന്നുവെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. കനേഡിയന്‍ പാര്‍ലമെന്റില്‍ ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നത്. കാനഡയുടെ നടപടിക്കെതിരെ ഇന്ത്യ രംഗത്തുവരികയും കാനഡയുടെ ആരോപണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കനേഡിയന്‍ ഹൈകമീഷ്ണറെ ഇന്ത്യ പുറത്താക്കിയിരിക്കുന്നത്.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ സര്‍ക്കാറിന്‍െ്‌റ പങ്ക് കാനഡയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ പറഞ്ഞിരുന്നു. എന്നാല്‍, കാനഡയില്‍ അഭയം നല്‍കി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഭീകരരുടെ വിഷയത്തില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നാണ് ഇന്ത്യ പ്രതികരിച്ചത്.