PRAVAASA LOKAM

ഇന്ത്യ-കാനഡ തര്‍ക്കം; കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

20 September 2023 , 5:07 PM

 

ഡല്‍ഹി: ഇന്ത്യ-കാനഡ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.  ഈയിടെയായി ഇന്ത്യല്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവര്‍ക്ക് നേരെയും കാനഡയില്‍ ഭീഷണികളുണ്ടായി. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം. ഇന്ത്യാവിരുദ്ധ കാര്യങ്ങള്‍ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നടക്കമാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. കാനഡയിലേക്ക് പോകാനിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ പറ്റിയുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌ററിന്‍ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. യുകെയിലെയും കാനഡയിലെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ എന്‍ഐഎ നേരത്തെ കേസെടുത്തിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ കേസില്‍ തെളിവ് ശേഖരിക്കുന്നതിന് കാനഡയിലേക്ക് പോകാനിരുന്ന എന്‍ഐഎ യാത്രയാണ് നീട്ടിവെച്ചു. നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഖലിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കാനഡയിലെ ഭീകരരുടെ പട്ടിക നേരത്തെ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതില്‍ ചിലരെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിക്കും. ഹര്‍ദീപ് സിംഗ് നിജ്ജാര്‍ 1997 ല്‍ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോര്‍ട്ട് ഉപയോഗിച്ചാണെന്നും, നിജ്ജാറിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നുവെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറയുന്നു.  അതേസമയം ഈ മാസം 25 ന് ദില്ലിയില്‍ നടക്കുന്ന ഇന്തോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സില്‍ കാനഡ പങ്കെടുക്കുമെന്നറിയിച്ചു. കാനഡ മിലിറ്ററി അറ്റാഷേയുടെ നേതൃത്ത്വത്തിലുള്ള സംഘം ദില്ലിയിലെത്തി. കാനഡ സൈനിക മേധാവിയും ചടങ്ങില്‍ പങ്കെടുക്കും.