PRAVAASA LOKAM

ലിസ് ട്രസ്നെതിരെ നീക്കം ശക്തം: ബ്രിട്ടണിൽ സംഭവിക്കുന്നതെന്ത് ?

Rajesh Kesavan

20 October 2022 , 6:54 PM

 

 

രാജേഷ് കേശവൻ, ലണ്ടൻ

ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിൽ എത്തി വെറും ആറാഴ്ച പിന്നിടുമ്പോൾ വളരെ നാടകീയരംഗങ്ങൾക്കാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്നത്. ആഭ്യന്തരസെക്രട്ടറി സുല്ല ബ്രാവർമാൻൻറെ രാജിയാണ് ഈ സംഭവ വികാസങ്ങളിൽ അവസാനത്തേത്.  വോട്ടർമാരോടുള്ള പ്രധാന വാഗ്ദാനങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളിൽ തനിക്ക് "ഗുരുതരമായ ആശങ്കകൾ" ഉണ്ടെന്ന് പ്രധാനമന്ത്രിക്ക് അയച്ച രാജിക്കത്തിൽ വിമർശനമുന്നയിച്ചു കൊണ്ടാണ് അവർ പടിയിറങ്ങുന്നത്. ടോറി എംപിമാർക്കും അംഗങ്ങൾക്കുമിടയിൽ തന്നെ ഒഴിവാക്കാനുള്ള പ്രചാരണം ശക്തമാകുന്നതിനിടയിൽ പ്രധാനമന്ത്രിപദത്തിൽ ഉറച്ചുനിൽക്കാൻ പോരാടുന്ന മിസ് ട്രസിന് ഇത് മറ്റൊരു പ്രഹരമാണ്.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി പ്രധാനമന്ത്രി ലിസ് ട്രസിന്റെ നികുതി വെട്ടിക്കുറയ്ക്കൽ പദ്ധതി മൂലമുണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രക്ഷുബ്ധത ലോകമെമ്പാടും വാർത്താപ്രാധാന്യം നേടുകയുണ്ടായി. സാമ്പത്തിക പരിഷ്കാരത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് കടുപ്പമേറിയതോടെ തൻറെ  വിശ്വസ്തനായ ചാന്‍സലര്‍ ക്വാര്‍ട്ടെങ്ങിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ലിസ് ട്രസ്. പകരം ജെറമി ഹണ്ടിനെ ധനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അദ്ദേഹമാകട്ടെ ലിസ് ഗവൺമെന്റിന്റെ മിനി-ബജറ്റിലെ പ്രഖ്യാപിച്ച പ്രധാന നികുതി വെട്ടിക്കുറവുകള്‍ റദ്ദാക്കിയിരിക്കുകയാണ്.  അതോടെ തെരഞ്ഞെടുപ്പുകാലത്ത് ലിസ് നൽകിയ എല്ലാ മോഹനവാഗ്ദാനങ്ങളിൽ നിന്നും പിന്നോക്കം പോകുന്ന ഒരു കാഴ്ചയാണ് കാണുന്നത്.

തെറ്റായ വ്യക്തിയെയാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചതെന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ചിന്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. വികല സാമ്പത്തിക പരിഷ്കാര നടപടികളുടെ പേരില്‍ ചാന്‍സലറെ മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും പ്രധാനമന്ത്രിയെ തന്നെ മാറ്റണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.

ഇതിനിടെ പുറത്തു വരുന്ന എല്ലാ സർവേകളിലും പ്രധാനമന്ത്രിയുടെ ഗ്രാഫ് താഴേക്ക് പോവുകയാണ്. ഏറ്റവും പുതുതായി പുറത്തുവന്ന  സർവ്വേയിൽ ജനപ്രീതിയിൽ സർവ്വകാല താഴ്ന്ന റെക്കോർഡ് സ്കോറായ -70 % അവർക്ക് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജി വെക്കുമ്പോൾ അദ്ദേഹത്തിൻറെ ജനപ്രീതി -53% ആയിരുന്നു എന്ന് ഓർക്കണം.