Agricultural

തക്കാളിവില കൂപ്പുകുത്തി: വണ്ടിക്കൂലി പോലും മുതലാവുന്നില്ല: റോഡരുകില്‍ തക്കാളി ഉപേക്ഷിക്കുന്നു

09 September 2023 , 3:18 PM

 

വിശാഖപട്ടണം: രണ്ട് മാസം മുമ്പ് 200 രൂപയെങ്കില്‍ ഇന്ന് മൂന്ന് രൂപ പോലും കിട്ടുന്നില്ല, തക്കാളിയെ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. തക്കാളിക്ക് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ വന്‍ വിലയിടിവ് നേരിടുകയാണ് ഇപ്പോള്‍. രണ്ട് മാസം മുമ്പ് രാജ്യത്തെ പല നഗരങ്ങളിലും കിലോയ്ക്ക് ഇരുന്നൂറ് രൂപയ്ക്ക് മുകളില്‍ വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇപ്പോള്‍ മൂന്ന് രൂപ പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. തക്കാളി വിറ്റ് പണക്കാരായ കര്‍ഷകരുടെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന കാലം കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ തക്കാളി കര്‍ഷകരുടെ കണ്ണീരാണ് വാര്‍ത്തയാവുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ലോഡ് കണക്കിന് തക്കാളി കര്‍ഷകര്‍ ആന്ധ്രാപ്രദേശിലും മറ്റും റോഡുകളില്‍ ഉപേക്ഷിക്കുന്നത് വാര്‍ത്തയായിരുന്നു. നിരവധിപ്പേര്‍ പഴുത്ത് പാകമായ തക്കാളി പോലും കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്നില്ല. അടുത്തുള്ള മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ എത്തിക്കാനുള്ള വണ്ടിക്കൂലി പോലും മുതലാവില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ആന്ധ്രപ്രദേശില്‍ ഏതാനും മാസം മുമ്പ് വരെ തക്കാളി വിറ്റ് വന്‍തുക നേടിയിരന്നവരുടെ കഥകള്‍ കേട്ട അതേ സ്ഥലത്തു നിന്ന് തന്നെയാണ് ഇപ്പോള്‍ വിലയിടിവ് കാരണം റോഡില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.കഴിഞ്ഞയാഴ്ചയോടെ തന്നെ മൊത്ത വിപണിയില്‍ ഒരു കിലോ തക്കാളിയുടെ വില പത്ത് രൂപയോളം എത്തിയിരുന്നു. ചില്ലറ വിപണിയില്‍ ഈ സമയം ഇരുപത് രൂപ മുതല്‍ മുപ്പത് രൂപ വരെയായി വില. ഏതാനും മാസം മുമ്പ് വന്‍ വില കിട്ടിയിരുന്ന സമയത്ത് വന്‍ തോതില്‍ പണം ചെലവഴിച്ച് തക്കാളി കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ തൊട്ടടുത്ത വിപണികളിലേക്ക് അവ എത്തിക്കാനുള്ള വാഹന കൂലി പോലും ലഭിക്കാത്ത സ്ഥിതിയുള്ളത്. ഈ സീസണില്‍ വിളവെടുക്കേണ്ടതില്ലെന്ന് നിരവധി കര്‍ഷകര്‍ തീരുമാനച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ മൊത്തവിപണിയില്‍ മൂന്ന് രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ വില രണ്ട് രൂപയിലേക്കും താഴേക്കും എത്താനുള്ള സാധ്യതയും വിപണിയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്.