Agricultural

കൃഷിയില്‍ നേട്ടംകൊയ്ത് ട്രാന്‍സ് വുമണ്‍ ശ്രാവന്തിക

14 September 2023 , 4:02 PM

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ട്രാന്‍സ്‌വുമണ്‍ ശ്രാവന്തിക ഏവരില്‍ നിന്നും വ്യത്യസ്ഥയാകുകയാണ്. കാര്‍ഷികമേഖലയില്‍ നൂറുമേനി വിളവെടുക്കാന്‍ ട്രാന്‍സ്‌വുമണ്‍ ശ്രാവന്തികയ്ക്കായി. മുളക്കുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ശ്രാവന്തികയ്ക്ക് സ്വന്തമായി വീടും സ്ഥലവുമില്ല. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ പള്ളിക്കാരാണ് താല്ക്കാലികമായി താമസിക്കാന്‍ വീടും സ്ഥലവും നല്‍കിയത്. കാട് കയറികിടന്നിരുന്ന സ്ഥലം ശ്രാവന്തികയും ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് വാസയോഗ്യമാക്കിയാണ് കൃഷി ആരംഭിച്ചത്. കപ്പ, കാച്ചില്‍, ചേന, ചേമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കോഴി, താറാവ്, കരിങ്കോഴി എന്നിവയുമുണ്ട്. മീന്‍ വളര്‍ത്താന്‍ മീന്‍കുളവും  തയ്യാറാക്കിയിട്ടുണ്ട്. രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്
ട്രാന്‍സ്‌ജെന്‍സര്‍ വിഭാഗക്കാര്‍ക്കായി സാമൂഹ്യസമഗ്രപദ്ധതി
നടപ്പിലാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി. രാജേശ്വരി. ട്രാന്‍സ് വുമണ്‍ ശ്രാവന്തികയുടെ കാര്‍ഷികവിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
ആലപ്പുഴ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ
സാമൂഹികവും സാമ്പത്തികവുമായ പദവി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാകും പദ്ധതി നടപ്പിലാക്കുക. ഇതിനായി ഈ വിഭാഗത്തിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കും. തുടര്‍ച്ചയായ കൗണ്‍സിലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍, തൊഴില്‍ പരിശീലനം എന്നിവയും നല്‍കും. ഇത്തരത്തില്‍ ഘട്ടംഘട്ടമായി അവരുടെ സാമൂഹിക പദവി ഉയര്‍ത്താനും പൊതുസമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും മുന്‍ഗണന നല്‍കി പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. കാര്‍ഷിക പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഫാം തുടങ്ങുന്നതിനും മത്സ്യകൃഷിയ്ക്കും ശ്രാവന്തികയെ ആലപ്പുഴ ജില്ലാപഞ്ചായത്ത് സഹായിക്കും. ഒപ്പം ട്രാന്‍സ്വുമണ്‍ ശിഖയുടെ ഡാന്‍സ് പരിശീലനകേന്ദ്രവും പ്രസിഡന്റ് സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്കുമെന്ന് ഉറപ്പു നല്‍കി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, അംഗങ്ങളായ ഹേമലത, ആര്‍. റിയാസ്, ഗ്രാമപഞ്ചായത്ത്  അംഗം, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ എ.ഒ. അബീന്‍, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് അനില്‍
ജി. രാജമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.