Agricultural

നെല്ല്‌ മുതൽ തണ്ണീർ മത്തൻ വരെ... കൃഷിയിൽ പൊന്നു കൊയ്ത് കോറളായിയിലെ അബ്ദുള്ള

26 March 2023 , 11:07 AM

 

 

 

കൃഷി ഏതായാലും വിളവ്‌ നന്നായാൽ മതി’ എന്നാണ്‌ മയ്യിൽ  കോറളായിയിലെ കെ ടി അബ്ദുള്ളയുടെയും കുടുംബത്തിന്റെയും ലൈൻ. ഏത്‌ കൃഷിയും ഇവർക്ക്‌ എളുപ്പം വഴങ്ങുമെന്നതാണ്‌ അനുഭവം.  നെല്ല്‌ മുതൽ തണ്ണീർ മത്തൻ വരെയുള്ള വിപുലവും വൈവിധ്യവുമായ കൃഷിയിടങ്ങൾ അതിന്‌ സാക്ഷ്യം പറയും. 

 

കോറളായി തുരുത്തിലെ മണ്ണറിഞ്ഞുള്ള കൃഷിരീതിയിലൂടെ  ഉൽപാദനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ  ഇവർക്ക്‌ കഴിയുന്നു. സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും സീസൺ അനുസരിച്ചും കാലാവസ്ഥ നോക്കിയും കൃഷി ചെയ്യുന്നതിനാൽ വിളകൾ ചതിക്കുന്നതും അപൂർവം.  

 

പാട്ടത്തിനെടുത്ത മൂന്ന്‌ ഏക്കറിൽ നേന്ത്രവാഴയുൾപ്പെടെ മൈസൂർ, പൂവൻ, കദളി, റോബസ്‌റ്റ തുടങ്ങി രണ്ടായിരത്തോളം വാഴകളുണ്ട്‌.  മൂന്ന്‌ ഏക്കറിൽ  മരച്ചീനി, അമ്പത്‌ സെന്റിൽ വെണ്ട, പാവൽ, വഴുതിന, പച്ചമുളക്‌, പയർ, മത്തൻ, ഇളവൻ തുടങ്ങിയ പച്ചക്കറികൾ എന്നിവ വിളയുന്നു. 

 

ചേന, ചേമ്പ്‌, കാത്ത്‌ തുടങ്ങിയ കിഴങ്ങിനങ്ങളും മഞ്ഞളും ഇടവിള കൃഷിയുണ്ട്‌. ഇരുന്നൂറോളം തെങ്ങും മുന്നൂറോളം കവുങ്ങും സമൃദ്ധമായി വളരുന്നു. നേരത്തെ കരിമ്പ്‌ കൃഷിയുണ്ടായിരുന്നത്‌ അബ്ദുള്ളയ്‌ക്ക്‌ കണ്ണിന്‌ അസുഖം വന്നതോടെ നിർത്തി. 

 

ഒന്നര ഏക്കറിൽ നെൽകൃഷിയുമുണ്ടായിരുന്നു. വിളവെടുപ്പ്‌ കഴിഞ്ഞുള്ള പാടങ്ങളിൽ ഉഴുന്ന്‌, ചെറുപയർ, വൻപയർ, മുതിര എന്നീ പയർ വർഗങ്ങളും  കൃഷിചെയ്യുന്നു.  ആറ്‌ കറവ പശുക്കളുള്ള വിപുലമായ ഫാം, ഗിരിരാജയും നാടനും ഉൾപ്പെടെ 30 മുട്ടക്കോഴികൾ  എന്നിവയും ഇവരുടെ വരുമാനമാർഗമാണ്. 

 

പരമ്പരാഗത കൃഷിരീതി പിന്തുടരുന്ന അബ്ദുള്ളയുടെ സഹായികൾ ഉമ്മ കെ ടി ആമിനയും ഭാര്യ കെ പി ആമിനയുമാണ്‌. ശാരീരിക അവശതകാരണം ഉമ്മ ഇപ്പോൾ പാടത്തും പറമ്പിലും സജീവമല്ലെങ്കിലും ഉപദേശിയായി ഒപ്പമുണ്ട്‌. ഇത്തവണത്തെ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ  ഉത്തമ കർഷ കുടുംബ പുരസ്കാരവും ഇവരെ തേടിയെത്തി. 

 

ചാണകപ്പൊടി ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ്‌ കൃഷിക്ക്‌  ഉപയോഗിക്കുന്നത്‌. നേന്ത്രവാഴയ്‌ക്കും പച്ചക്കറിക്കും മരച്ചീനിക്കും  അൽപ്പം രാസവളവും  പ്രയോഗിക്കും. പച്ചക്കറിക്കും നേന്ത്രവാഴയ്‌ക്ക്‌ സർക്കാർ തറവില പ്രഖ്യാപിച്ചതോടെ വിപണി പ്രശ്‌നമല്ലെന്ന് അബ്ദുള്ള പറയുന്നു. 

 

ആവശ്യക്കാർ വീട്ടിലെത്തി പച്ചക്കറിയും നേന്ത്രക്കായയും ഉൾപ്പെടെ വാങ്ങുന്നതിനാൽ മികച്ച വിലയും ലഭിക്കും. മയ്യിൽ കൃഷിഭവനും കൃഷി ഓഫീസറും മികച്ച പിന്തുണയാണ്‌  നൽകുന്നതെന്നും അബ്ദുള്ള വ്യക്തമാക്കി.