Spiritual

തങ്ക അങ്കി ഘോഷയാത്ര 23ന് പുറപ്പെടും

17 December 2022 , 5:01 PM

 

 

ആറന്മുള: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. 

       ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴു വരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി  ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. 

       26ന് പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. അവിടെ നിന്നും ആചാരപൂര്‍വ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.