Tourism

തളിപ്പറമ്പ് തീർത്ഥാടന ടൂറിസം പദ്ധതി വരുന്നു

Kannur Reporter

19 August 2022 , 3:16 PM

 

കണ്ണൂർ: തളിപ്പറമ്പ്‌ മണ്ഡലത്തിലെ പ്രധാന  ആരാധനാലയങ്ങളെയെല്ലാം കോർത്തിണക്കി തീർത്ഥാടന ടൂറിസം പദ്ധതി ഒരുങ്ങുന്നു.  സഞ്ചാരികൾക്ക് ആകർഷണീയവും, വിജ്ഞാനപ്രദവുമായ രീതിയിലുള്ള സഞ്ചാരം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാടിന്റെ ചരിത്ര പ്രാധാന്യം കെട്ടുറപ്പോടെ നിലനിർത്താനും പൗരാണിക ഓർമ്മകൾ മുതൽ ആധുനിക നിർമ്മിതികൾ വരെ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന തരത്തിലാകും പദ്ധതി.  ഇതിൻറെ മാസ്റ്റർ പ്ലാൻ രണ്ടുമാസത്തിനകം തയ്യാറാക്കും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ  ആരാധനാലയങ്ങളിലെ കുളങ്ങൾ നവീകരിക്കാനും, ചുമർ ചിത്രങ്ങൾ, കൊത്തുപണികൾ തുടങ്ങിയവ സംരക്ഷിക്കാനും, തെയ്യം , ക്ഷേത്രകല, നാടൻകല, ആദിവാസി കല ഉൾപ്പെടെയുള്ള പ്രാദേശിക കലാരൂപങ്ങൾക്ക് പുനർജീവനേകാനുമുള്ള പദ്ധതികളും നടപ്പാക്കും. തീർഥാടന ടൂറിസം വികസിക്കുന്നതിനോടൊപ്പം ഇക്കോ ടൂറിസം, ഫാം ടൂറിസം,റെസ്പോൺസിബിൾ ടൂറിസം തുടങ്ങിയ മേഖലകളിലും പുതിയ സാധ്യതകൾ തുറക്കും. പരമ്പരാഗത വ്യവസായങ്ങൾക്ക് കൂടുതൽ വിപണന സാധ്യത ഉയരുന്നതോടെ പ്രാദേശിക ജനതയുടെ സാമ്പത്തിക വികസനവും സാധ്യമാകുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക. തീർത്ഥാടകരുടെ   യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്   പ്രത്യേക പദ്ധതികളും ആവിഷ്കരിക്കും. കണ്ണൂർ എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന തളിപ്പറമ്പ് മണ്ഡലം തീർത്ഥാടന ടൂറിസം വികസനയോഗത്തിൽ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ,  തളിപ്പറമ്പ് ആർഡിഒ പി മേഴ്സി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി മനോജ് കുമാർ, ഡിടിപിസി സെക്രട്ടറി ജെ കെ ജിതേഷ് കുമാർ , തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ എന്നിവർ പങ്കെടുത്തു.