Spiritual

ചക്കുളത്തമ്മയുടെ അനുഗ്രഹംതേടി പതിനായിരങ്ങള്‍ പൊങ്കാലയിട്ടു

07 December 2022 , 12:10 PM

 

 

 

ചക്കുളത്തുകാവ്: സര്‍വ്വം അമ്മയിലര്‍പ്പിച്ച് ചക്കുളത്തുകാവിലും പരിസരത്തും വിദൂരദിക്കുകളിലുമായി പതിനായിരക്കണക്കിനു ഭക്തര്‍ വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ബുധനാഴ്ച പൊങ്കാലയിട്ടു. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും നാവില്‍ ദേവീസ്തുതികളുമായി നാനാദേശങ്ങളില്‍ നിന്നായി നേരത്തെ തന്നെ ഭക്തരെത്തി. നാടും നഗരവും അക്ഷരാര്‍ത്ഥത്തില്‍ ചക്കുളത്തമ്മയുടെ യജ്ഞശാലയായി മാറി. ക്ഷേത്രമുറ്റത്ത് പൊങ്കാലയിടാനായി പതിനായിരക്കണക്കിനു സ്ത്രീകള്‍ ചൊവ്വാഴ്ച തന്നെ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു. ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്ററോളം നീളത്തില്‍ വരെ പൊങ്കാലയര്‍പ്പിക്കാനെത്തിയവരുടെ നിര നീണ്ടു.

ക്ഷേത്രത്തില്‍ നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം -തിരുവല്ല, വള്ളംകുളം -കറ്റോട്, ചെന്നിത്തല -പൊടിയാടി, വീയപുരം, പച്ച -എടത്വാ, മുട്ടാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിവിധ റോഡരികുകളിലൂടെ പൊങ്കാലര്‍പ്പണം നീണ്ടു. അഭീഷ്ടകാര്യസിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തര്‍ അത്മസമര്‍പ്പണമായി ചക്കുളത്തമ്മയ്ക്കു പൊങ്കാലയിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ ഭക്തര്‍ പൊങ്കാലയിടാനെത്തിയിരുന്നു. ഭക്തരുടെ സൗകര്യര്‍ത്ഥം സ്ഥിരം സര്‍വീസിനു പുറമെ വിവിധ ഡിപ്പോകളില്‍ നിന്നായി നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തി. ഭക്തരെ സഹായിക്കാനായി വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എടത്വ ഇന്‍സ്‌പെക്ടർ കെ. എൽ. മഹേഷിന്റെ നേതൃത്വത്തില്‍ എണ്ണൂറോളം പോലീസുകാരും ആയിരത്തോളം ക്ഷേത്ര വൊളന്റിയര്‍മാരും ഭക്തരുടെ സേവനത്തിനായുണ്ടായിരുന്നു.