Agricultural

തക്കാളി സംഭരിക്കാൻ നടപടി; പാലക്കാട്ടെ കർഷകർക്ക് ആശ്വാസം

06 December 2022 , 4:30 PM

 

പാലക്കാട്: വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകർക്ക് സഹകരണ വകുപ്പിന്റെ ഇടപെടൽ ആശ്വാസമായി . തക്കാളിവില ഉയർന്നു . കർഷകരിൽ നിന്ന് 15 നിരക്കില്‍ തക്കാളി സംഭരിച്ച്  വിപണനം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക കര്‍മ്മപദ്ധതി സഹകരണവകുപ്പ് അടിയന്തിര പ്രാധാന്യത്തോടു കൂടി ശനിയാഴ്ച്ച മുതൽ നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഉയർന്ന വില വാഗ്ദാനം ചെയ്ത് വ്യാപാരികൾ എത്തിത്തുടങ്ങിയത്. പാലക്കാട് ജില്ലയിലെ വടകരപ്പതി പഞ്ചായത്തിൽ നിന്നും എരിത്തിയാംപതി പഞ്ചായത്തിൽ നിന്നുമാണ് ബാങ്കുകൾ തക്കാളി സംഭരിച്ച് തുടങ്ങിയത്. ഇതോടെയാണ് മികച്ച വില നൽകാൻ കച്ചവടക്കാർ തയാറായത്.

 ഒന്നര ടൺ തക്കാളിയാണ് ശനിയാഴ്ച്ച വാങ്ങിയത് . പാലക്കാട് തൃശൂര്‍ എറണാകുളം ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടി സഹകരണവകുപ്പ് സ്വീകരിച്ചു. ഇതിൽ ഒൻപത് ടൺ തക്കാളി ഇന്ന് രാവിലെ 15 രൂപ വില നൽകി സംഭരിച്ച് പാലക്കാടേയ്ക്ക് ഒരു ടൺ തൃശൂർ രണ്ട് ടൺ എറണാകുളം ആറ് sൺ എന്നിങ്ങനെ സഹകരണ സംഘങ്ങൾ മുഖാന്തിരം വിപണനം ചെയ്യും. സഹകരണ സംഘങ്ങൾ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും അതിൽ കൂടുതലും നൽകാൻ വൻകിടമൊത്ത വ്യാപാരികളും ഇടനിലക്കാരും തയാറായി വന്നിട്ടുണ്ട്. 

ആവശ്യമെന്നു കണ്ടാല്‍ തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.