PRAVAASA LOKAM

കനത്ത നടപടികളുമായി ഋഷി സർക്കാർ; വരുന്നു വൻ നികുതി വർധന

Shibu padmanabhan

04 November 2022 , 12:44 PM

 

ലണ്ടൻ: ബ്രിട്ടീഷുകാർ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഋഷി സുനക് സർക്കാർ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കനത്ത നടപടികളിലേക്കു കടക്കുന്നു. ഇൻകം ടാക്സും നാഷനൽ ഇൻഷുറൻസും വാറ്റും എല്ലാം വർധിപ്പിച്ച് 50 ബില്യൺ പൗണ്ടിന്റെ ധനക്കമ്മി മറികടക്കാനുള്ള ആലോചനയിലാണ് പുതിയ സർക്കാർ. സർക്കാരിന്റെ അധികാരത്തില്‍ കേറിയ ആഘോഷങ്ങള്‍ തീരും മുന്‍മ്പേതന്നെ. ബ്രിട്ടീഷുകാരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്ന നടപടികളാണ് ആലോചനയിലുള്ളത്.

 

ധനികർക്ക് മാത്രം അധികനികുതി ചുമത്തിയും പൊതു ചെലവുകൾ കുറച്ചും മാത്രം ധനക്കമ്മി മറികടക്കാനാകില്ലെന്ന തിരിച്ചറിവാണ് എല്ലാവരിലേക്കും കൂടുതൽ നികുതിഭാരം അടിച്ചേൽപിക്കാനുള്ള തീരുമാനത്തിനു പിന്നിൽ. നിലവിലെ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികൾ ആവശ്യമായി വരും എന്ന പ്രധാനമന്ത്രിയുടെ മുൻകൂർ ജാമ്യമെടുക്കൽതന്നെ ഇതിനു തെളിവാണ്. നികുതികൾ വർധിക്കുമെന്ന് ധനമന്ത്രാലയവും മുന്നറിയിപ്പ് നൽകുന്നുണ്ട്.

നവംബർ 17നാണ് പുതിയ ബജറ്റ് ചാൻസിലർ ജെറമി ഹണ്ട് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. അതിൽ പല സർക്കാർ വകുപ്പുകളിലെയും ചെലവുകൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചെലവുകൾ ചുരുക്കുന്നതിനൊപ്പം. വലിയ നികുതി വർധനയും സർക്കാർ ആലോചനയിലുണ്ട്. നികുതി നിർദേശങ്ങൾ രൂപപ്പെടുത്താനായി പ്രധാനമന്ത്രിയും ചാൻസിലറും തമ്മിൽ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി..