Spiritual

തിന്മയ്ക്കുമേൽ നന്മയുടെ പ്രകാശം ചൊരിയുന്ന ദീപാവലി

24 October 2022 , 6:48 AM

 

 

ദീപങ്ങളുടെ ഉത്സവമായ മറ്റൊരു ദീപാവലി ദിനം കൂടി പടികടന്നെത്തിയിരിക്കുന്നു. തിന്‍മയ്ക്ക് മേല്‍ നന്‍മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. അതുകൊണ്ടുതന്നെ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്.  ഹിന്ദു, ജൈന, സിഖ് മതവിശ്വാസികളാണ് മുഖ്യമായും ദീപാവലി ആഘോഷിക്കുന്നത്.  ദീപാവലി ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍ 14-വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ നിധീകരിക്കുന്നതാണ് വിശ്വാസങ്ങളിലൊന്ന്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലിയെ കാണുന്നവരുണ്ട്. ജൈനമത വിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതും ദീപാവലി ദിവസമാണ്. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അതില്‍നിന്നു മഹാലക്ഷ്മി ഉയര്‍ന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് മറ്റൊരു വിശ്വാസം. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജക്കും പ്രധാനമാണ്.കഥകള്‍ക്കുമപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴിലെത്തിക്കുന്ന നന്‍മയുടെ വെളിച്ചം പരത്തുന്ന ഉത്സവം തന്നെയാണ് ദീപാവലി എന്ന് നിസംശയം പറയാം. തിന്‍മയ്ക്ക് മേല്‍ നന്‍മ വിജയം വരിക്കുന്നതിന്റെ ആയിരംപ്രഭ വിളിച്ചോതുന്നതാണ് ഒരോ ദീപാവലിയും. 

മണ്‍ചിരാതില്‍ ദീപം തെളിയിച്ചും ശബ്ദവും വര്‍ണങ്ങളും വാരിവിതറുന്ന പടക്കങ്ങള്‍ പൊട്ടിച്ചും ദീപങ്ങളുടെ നിറച്ചാര്‍ത്തൊരുങ്ങുന്ന ദിന-രാത്രങ്ങളിലേക്ക് നാടും നഗരവും കടക്കുന്നു. ഉത്തരേന്ത്യന്‍ ആഘോഷങ്ങളില്‍ പുതുവസ്ത്രവും മെഹന്തിയും മധുരവും ദീപാവലിക്ക് പകിട്ടേകുന്നുണ്ട്. 

 

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ലക്ഷ്മീപൂജയ്ക്ക് പ്രധാനപ്പെട്ടതാണ്. ദേവീ പ്രീതിക്ക് അത്യുത്തമമായ ദിനമാണിത്. ഈ ദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. 

ശരീരത്തിന്റെ എല്ലാ ഭാഗത്തും എണ്ണ തേച്ച് പുലരും മുന്‍പേയുള്ള കുളിയാണ് ദീപാവലിയുടെ മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ കുളിച്ചാല്‍ അത് ഐശ്വര്യം വര്‍ദ്ധിപ്പക്കും എന്നതാണ് ഈ വിശ്വാസത്തിന് പുറകില്‍. ഈ ദിവസം ഐശ്വര്യ ദേവത മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും കാണപ്പെടും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നേരം പുലരും മുന്‍പേയുള്ള എണ്ണ തേച്ച് കുളി. ഇത് സര്‍വ്വൈശ്വര്യങ്ങളിലേക്കും വാതില്‍ തുറക്കും എന്നാണ് വിശ്വാസം.