Tourism

രമണീയം ഈ കുറവ ദ്വീപ് ..

22 August 2022 , 3:43 PM

 

വയനാട്: ഓണക്കാലം അടുത്തതോടെ കുറുവ ദ്വീപിലേക്ക് സഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങി. കബനിയില്‍ ജലനിരപ്പ് താഴ്ന്നതോടെയാണ്  കഴിഞ്ഞ ദിവസം  കുറുവ ദ്വീപ് തുറന്നത്.  വരുംദിവസങ്ങളില്‍ തിരക്കേറുമെന്നാണ് പ്രതീക്ഷ. കബനി കോട്ട കെട്ടിയ ചെറുതുരുത്തുകളാണ് പ്രസിദ്ധമായ കുറുവദ്വീപ്. അപൂര്‍വ സസ്യജനുസ്സുകളുടെയും പക്ഷികളുടെയും ജലജീവികളുടെയും സമൃദ്ധമായ കലവറയാണിത്. കബനിയിലേക്കു ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന മരങ്ങളും അവയുടെ വേരുകളും മരങ്ങളില്‍ മാലകോര്‍ത്ത വള്ളിപ്പടര്‍പ്പുകളും കുറുവയുടെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ഫോട്ടോ ഷൂട്ടുകൾക്കായി ഇവിടെ എത്തുന്നവരും ഏറെയാണ്.  ചങ്ങാടസവാരിയാണ് ഇവിടുത്തെ മുഖ്യ ആകർഷണം.  പുഴയിലും കരയിലുമുള്ള പാറക്കെട്ടുകളും മനോഹര കാഴ്ചയാണ്. വനംവകുപ്പിന്റെ പ്രധാന ഇക്കോടൂറിസം സെന്ററാണ് കുറുവദ്വീപ്. പാക്കം-കുറുവ വനസംരക്ഷണ സമിതിയാണ് കുറുവയില്‍ ടൂറിസം നടത്തുന്നത്. ഗോത്രവിഭാഗത്തില്‍ പെട്ട ജീവനക്കാരാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലൈഫ് ജാക്കറ്റുകളും നീന്തല്‍ പരിശീലിച്ച ഗൈഡുകളുമുണ്ട്. അതേ സമയം വീണ്ടുമുയർന്ന മഴ ഭീഷണി കുറവ ദ്വീപ് ടൂറിസത്തിന് ഭീഷണിയാണ്.