PRAVAASA LOKAM

നിര്‍ബന്ധിത മിലിട്ടറി സേവനത്തിലേയ്ക്ക് ബി.ടി.എസ്; 2025 വരെ കാത്തിരിക്കണം : ദുഃഖ സാഗരത്തിൽ ആരാധകർ

Lallu

19 October 2022 , 9:41 PM

 

 

തിരുവനന്തപുരം: നിര്‍ബന്ധിത മിലിട്ടറി സേവനത്തിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ച് കൊറിയൻ സംഗീത ഗ്രൂപ്പായ ബി.ടി.എസ്. ഇനി ഇവരുടെ സംഗീതം കേൾക്കണമെങ്കിൽ 2025 വരെ ആരാധകർ കാത്തിരിക്കണം. പ്രഖ്യാപനം ലോകമെമ്പാടുമുള്ള ബി.ടി എസ് ആര്‍മിയെ ദു:ഖ സാഗരത്തിലാക്കി. തങ്ങൾ ദക്ഷിണകൊറിയന്‍ നിയമപ്രകാരമുള്ള നിര്‍ബന്ധിത മിലിട്ടറി സേവനത്തിന് തയ്യാറെടുക്കുകയാണെന്ന് താരങ്ങള്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 

2023ലെ ലോക എക്സ്പോയ്ക്ക് വേദിയാകാനുള്ള ദക്ഷിണ കൊറിയയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ യെറ്റ് റ്റു കമ്മുമായി തരംഗം തീര്‍ത്തത് കഴിഞ്ഞ ദിവസമാണ്. അതിനു ശേഷമാണ് ഇപ്പോള്‍ ആര്‍മിയെ സങ്കടത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ബിടിഎസ് രംഗത്തെത്തുന്നത്. രാജ്യത്തെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാര്‍ക്കും രണ്ടുവര്‍ഷത്തെ മിലിട്ടറി സേവനം നിര്‍ബന്ധമാണ്. ബിടിഎസ് താരങ്ങള്‍ക്കു നല്‍കിയ ഇളവ് പ്രകാരം 30 വയസിനുള്ളില്‍ സേവനത്തിന് എത്തണം. 29 വയസായ ജിന്നാകും ആദ്യം രാജ്യസേവനത്തിനായി പോകുക. 2020ലാണ് പാര്‍ലമെന്റ് കെ പോപ്പ് താരങ്ങള്‍ക്ക് സൈനിക സേവനം വൈകിപ്പിച്ച് കൊണ്ട് ഇളവ് നല്‍കിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലോകത്ത ബെസ്റ്റ് സെല്ലിങ് ബ്രാൻഡായി ബിടിഎസ് വളര്‍ന്നു.

ശബ്ദത്തിലും ചുവടുകളിലും വേഷത്തിലുമെല്ലാം അതുവരെ ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളെയെല്ലാം ഈ ഏഴംഗ സംഘം തറപറ്റിച്ചു. ഡൈനമൈറ്റും ബട്ടറും ഫയറും ഫെയ്ക്ക് ലവുമെല്ലാം ഈ തലമുറയുടെ ഹരമായി. വസ്ത്രധാരണത്തിലും ഹെയര്‍സ്റ്റൈലിലും ആഭരണത്തിന്റെ തിരഞ്ഞെടുപ്പിലും വരെ ലോകമവരെ അനുകരിക്കുകയാണ്. 

ഈ വർഷം ജൂണില്‍ ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയിരുന്നു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാൻഡ് അംഗങ്ങൾ അറിയിച്ചു. ഇത് രാജ്യത്തെ നിയമമനുസരിച്ച് നിർബന്ധിത സൈനിക സേവനത്തിനിറങ്ങാനാണെന്ന് പിന്നീട് ഔദ്യോഗിക അറിയിപ്പുമുണ്ടായി.

ഇവരുടെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ആരാധരെ കഠിന ദുഃഖത്തിലാഴ്ത്തുകയാണ്. കേരളത്തിൽ ന്യൂജെൻ കുട്ടികളുടെ ഇടയിൽ തരംഗമാണ് ബി.ടി എസ് ആർമി . നിരവധി ആരാധകരാണ് ഇവർക്കുള്ളത്. കൂടുതലും പെൺകുട്ടികളാണ്. ആയിരക്കണക്കിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ബി.ടി എസ് ആരാധകർക്കായി കേരളത്തിലുണ്ട്. ആറ് മാസങ്ങൾക്ക് മുൻപ് ഈ ഗ്രൂപ്പുകളിൽ കയറി കൂടുതൽ സമയം ചിലവഴിക്കുന്ന തിരുവനന്തപുരത്തെ കൗമാരക്കാരിയെ വഴക്കു പറഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവവുമുണ്ട്.

 

 

സംഗീത ലോകത്തെ രാജാക്കന്മാര്‍ ഈ ഏഴ് പേരാണ്

 

 

കൊറിയന്‍ പാട്ടുസംഘമായ ബി.ടി.എസ് എന്നാല്‍ ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് മുഴുവന്‍ പേര്. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാന്‍ഡിലുള്ളത്. ബിടിഎസ്സിന്റെ ഓരോ സംഗീത വീഡിയോയും യൂട്യൂബില്‍ കോടിക്കണക്കിന് ആരാധകരാണ് കണ്ടുകഴിഞ്ഞത്. ലോകം മുഴുവന്‍ ആരാധകരുള്ള സംഗീത ബാന്‍ഡ്. ഈ ഏഴ് ചെറുപ്പക്കാരെ കുറിച്ച് ലോകത്തിലെ ഏത് കോണിലുള്ള ആള്‍ക്കും അറിയാം. ലോകത്തെല്ലായിടത്തും എല്ലാ ദിവസവും ഇവര്‍ ചര്‍ച്ചയാകുന്നു. ബി.ടി.എസ് എന്ന പേര് അറിയാത്ത യുവജനത ഇന്ന് കുറവായിരിക്കും. എന്നാല്‍ ഈ ചെറുപ്പക്കാരെ കുറിച്ചും അവരുടെ സംഗീതത്തെ കുറിച്ചും കെ പോപ്പ് മേഖലയെ കുറിച്ചും അറിയാത്തവരും കുറവല്ല. ലോകവ്യാപകമായി കോടിക്കണക്കിന് ആരാധകരാണ് ബി.ടി.എസ് എന്ന കൊറിയന്‍ സംഗീത ബാന്‍ഡിന് ഉള്ളത്. കെ പോപ്പ് മേഖലയില്‍ നിന്ന് ലോകോത്തര തലത്തില്‍ ഉയര്‍ന്നു വന്ന ആദ്യ ബാന്‍ഡാണിത്. 

 

ഇവരുടെ ഓരോ പുതിയ പാട്ടുകളും ബില്‍ബോര്‍ഡില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി റോക്ക് ബാന്‍ഡായ കോള്‍ഡ് പ്ലേയ്‌ക്കൊപ്പം ചേര്‍ന്ന് പുറത്തിറക്കിയ മൈ യൂണിവേഴ്‌സ് ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഒന്നാമതാണ്. ബി.ടി.എസ്സിന്റെ ഓരോ സംഗീത വീഡിയോയും യൂട്യൂബില്‍ കോടിക്കണക്കിന് ആരാധകരാണ് കണ്ടുകഴിഞ്ഞത്. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തുന്നതിന് മുമ്പ് കഷ്ടപ്പാടിന്റേയും ദാരിദ്ര്യത്തിന്റേയും കാലം ഈ ചെറുപ്പക്കാര്‍ക്ക് ഉണ്ടായിരുന്നു. സൗത്ത് കൊറിയയിലെ അതിസമ്പന്നര്‍മാരാകുന്നതിന് മുമ്പ് ഒറ്റമുറി അപ്പാര്‍ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇന്ന് താമസിക്കുന്നത് രാജ്യത്തെ ഏറ്റവും ധനികര്‍ താമസിക്കുന്ന സ്ഥലത്ത്. ഇന്നും ഇവര്‍ താമസിക്കുന്നതും പരീശീലനം നടത്തുന്നതുമെല്ലാം ഒന്നിച്ചു തന്നെ. ബി.ടി.എസിന്റെ ആരാധകര്‍ ആര്‍മി എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരാധകരെ ഇത്രയേറെ വിലമതിക്കുന്ന മറ്റൊരു ബാന്‍ഡ് ഇല്ലെന്ന് തന്നെ പറയാം. ബാന്‍ഡിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യവും ആരാധകരുമായുള്ള ഈ ചെറുപ്പക്കാരുടെ ബന്ധം തന്നെയാണ്. കേരളത്തിലും നിരവധി ആരാധകരാണ് ബി.ടി.എസ്സിനുള്ളത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ, യൂറോപ്പിലും അമേരിക്കയിലും ബി.ടി.എസ്സിനെ സ്വീകരിച്ചു.

 

ബി.ടി.എസിന്റെ വളര്‍ച്ച

2010 ല്‍ ബിഗ് ഹിറ്റ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന കമ്പനിയാണ് ബി.ടി.എസ് ബാന്‍ഡ് രൂപീകരിക്കുന്നത്. തെരുവില്‍ നൃത്തം ചെയ്യുന്നവര്‍, അണ്ടര്‍ഗ്രൗണ്ട് റാപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് ഓഡിഷനിലൂടെയാണ് ഏഴ് പേരെ കമ്പനി കണ്ടെത്തുന്നത്. ഐക്യരാഷ്ര്ട സഭയുടെ ആസ്ഥാനത്തിനുള്ളില്‍ സംഗീത പരിപാടി അവതരിപ്പിച്ച ഏക ബാന്‍ഡും ബി.ടി.എസ് ആണ്. യുഎന്നുമായി ചേര്‍ന്ന് നടത്തിയ ക്യാമ്പെയിനിലൂടെ 3500 കോടി രൂപയാണ് ബി.ടി.എസ് സമ്പാദിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അതിനെതിരെ അവബോധം നല്‍കാനും വേണ്ടിയാണ് ലവ് മൈസെല്‍ഫ് എന്ന പേരില്‍ ക്യാമ്പെയിന്‍ നടത്തിയത്. വ്യത്യസ്തമായ ശബ്ദവും ആകര്‍ഷകമായ സംഗീതവും ചടുലമായ നൃത്തച്ചുവടുകളുമാണ് ബി.ടി.എസ്സിന്റെ പ്രത്യേകത. നേരത്തേ പറഞ്ഞതു പോലെ കരിയറിന്റെ തുടക്കത്തില്‍ നിരവധി പരിഹാസങ്ങളും വെറുപ്പും ഇവര്‍ ഏറ്റുവാങ്ങിയിരുന്നു. സ്ത്രീകളെ പോലെ മേക്കഅപ്പ് ചെയ്യുന്നു, വസ്ത്രധാരണം, ഇംഗ്ലീഷ്‌ അറിയില്ല എന്നൊക്കെയായിരുന്നു പരിഹാസങ്ങള്‍. എന്നാല്‍ ഇന്ന് ഈ ചെറുപ്പക്കാരുടെ ലുക്കും വസ്ത്രാരണവുമെല്ലാം ഫാഷന്‍ ഐക്കണായി മാറിക്കഴിഞ്ഞു.