Spiritual

കല്പാത്തി രഥോത്സവ ലഹരിയിൽ; ദേവരഥ സംഗമം കാണാൻ ജനപ്രവാഹം

15 November 2022 , 8:48 AM

 

 

പാലക്കാട്‌: ചരിത്ര പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് സമാപനം കുറിച്ച്  പ്രധാനചടങ്ങായ ദേവരഥ സംഗമം നാളെ നടക്കും. വൈകീട്ട്‌ കുണ്ടമ്പലത്തിനു സമീപത്തെ തേരുമുട്ടിയില്‍ ദേവരഥങ്ങള്‍ സംഗമിക്കുന്നതിന്‌ സാക്ഷിയാകാന്‍ ഭക്‌തജനസഹസ്രങ്ങള്‍ എത്തും. മണ്ണില്‍ ദേവരഥങ്ങള്‍ സംഗമിക്കുമ്പോള്‍ ആകാശത്ത്‌ മുപ്പത്തിമുക്കോടി ദേവഗണങ്ങളും അനുഗ്രഹം ചൊരിയാനെത്തുമെന്നാണ്‌ വിശ്വാസം. ആ പുണ്യനിമിഷത്തില്‍ അലിഞ്ഞു ചേരാനായി  നാനാവഴികളും കല്‍പ്പാത്തിയിലേക്ക്‌ തുറക്കും. രഥോത്സവത്തിന്റെ രണ്ടാംനാളായ ഇന്ന് മന്തക്കര മഹാഗണപതിയാണ്‌ രഥത്തിലേറി പ്രയാണം നടത്തുക.  ഒന്നാംതേരിന്‌ പ്രയാണം തുടങ്ങിയ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്നുരഥങ്ങളും ഇന്നും പ്രയാണം തുടരും. 

പഴയ കല്‍പ്പാത്തി ലക്ഷ്‌മിപെരുമാള്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ കളഭാഭിഷേകം നടന്നു. നാളെ രാവിലെ ഒമ്പതിന്‌ വേദപാരായണ സമാപനത്തിനുശേഷമാണ്‌ രഥാരോഹണം. 

വിശാലാക്ഷിസമേതനായ വിശ്വനാഥസ്വാമിയും മക്കളായ ഗണപതിയും വള്ളിദൈവാനസമേത സുബ്രഹ്‌മണ്യസ്വാമിയും ലക്ഷ്‌മി നാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥങ്ങളുമാണ്‌ നാളത്തെ സായാഹ്നത്തില്‍ കുണ്ടമ്പലത്തിനു മുന്നില്‍ സംഗമിക്കുക. മന്തക്കര മഹാഗണപതിയുടെ രഥം കുണ്ടമ്പളം പരിസരത്തുനിന്നും തിരിച്ചുപോകും. ലക്ഷ്‌മിനാരായണ പെരുമാളും മന്തക്കര മഹാഗണപതിയും മുഖാമുഖം കടന്നുപോകും.