Tourism

അഴകിൻ്റെ 'റാണി' പുരം

10 December 2022 , 1:57 PM

 

 

കാസർകോട്: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾക്കിടയിലും പച്ചപ്പുൽമേടുകൾകൊണ്ട് സൗന്ദര്യം വിതറിയ കാഴ്‌‌ചകാണാനും  നവംബറിന്റെ കുളിർകാറ്റേൽക്കാനും മലമുകളിലേക്കുള്ള വനയാത്രക്കും സഞ്ചാരികളെത്തുന്നു.  കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് ഉൾപ്പെടെ പിടിച്ചാണ്‌ സഞ്ചാരികളെത്തിയത്. ഡിസംബറായാൽ   സഞ്ചാരികളുടെ എണ്ണംകൂടും. മാനിപുറം  പച്ചപ്പുൽമേട്  കുളിർമയേകുന്നു. പശ്ചിമഘട്ട മലനിരയിൽനിന്നും  വിദൂരക്കാഴ്‌ച  അതിമനോഹരം.

 

           പനത്തടിയിൽനിന്നും ഒമ്പത് കിലോമീറ്റർ യാത്രചെയ്താൽ റാണിപുരത്തെത്താം. അവിടെനിന്നും കാൽനടയായി രണ്ടര കിലോമീറ്റർ കുന്നിൻചെരുവിലൂടെ സാഹസികമായി യാത്ര ചെയ്‌താൽ മാനിപുറത്തൊം.  മലകൾ, ഗുഹ, നീരുറവ, പാറക്കെട്ട്, കോടമഞ്ഞ്  പ്രത്യേകതയാണ്. തലക്കാവേരി, കുടക്, കുശാൽ നഗർ, മൈസൂരിലേക്ക് എളുപ്പത്തിലെത്തിപ്പെടാം. ഇവിടെ യെത്തുന്നവർക്ക്‌  കർണാടകയിൽ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുകയെന്ന ലക്ഷ്യവുമുണ്ട്‌.

 

   അറുപതുകളിൽ കോട്ടയം ക്രിസ്ത്യൻ രൂപത കോടോത്ത് കൂടുംബത്തിൽനിന്നും കുടിയേറ്റക്കാർക്ക് വാങ്ങിയ ഭൂമിയുടെ അതിരുകൾ റാണിപുരം ടൂറിസ്റ്റ് കേന്ദ്രമാണ്.  കുടിയേറി വന്നവരാണ് പഴയ മാടത്തുമലയുടെ പേര് മാറ്റി റാണിപുരമാക്കിയത്‌. പാറപൊട്ടിച്ചും  കാടുവെട്ടിയും  കാട്ടുമൃഗങ്ങളോട് മല്ലടിച്ചും അറുപതോളം കുടിയേറ്റക്കാരെത്തി അവർ ആദ്യം തൈലപുൽകൃഷി ചെയ്തു പിന്നെ കുരുമുളക്‌. തുടർന്ന് കപ്പ, കാപ്പി, കവുങ്ങ്. എന്നാൽ പലർക്കും വിളവെടുക്കാൻ ഒന്നും കിട്ടിയില്ല.  ചുരമിറങ്ങിയെത്തിയ ആനകളും പന്നികളും  ഉൾപ്പെടെ കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിച്ചു.  മാടത്തുമലയിൽ ജീവിതം തളിർക്കുന്നത് സ്വപ്നംകണ്ട കുടിയേറ്റക്കാർ ഒന്നൊന്നായി മലയിറങ്ങി. ബാക്കിയുള്ളത് ഇപ്പോൾ ഒരു കുടുംബം മാത്രം. എന്നാൽ കുടിയേറ്റത്തിന് മുമ്പുള്ള ആചാരങ്ങളിൽ പലതും  മലഞ്ചെരുവുകളിൽ  ഇപ്പോഴുമുണ്ട്‌.