PRAVAASA LOKAM

ഓസ്‌ട്രേലിയയിൽ ആക്രമണത്തിനിരയായ ഇന്ത്യന്‍ വിദ്യാർത്ഥി ശുഭം ഗാർഗിൻ്റെ നില അതീവ ഗുരുതരം.

14 October 2022 , 7:15 PM

 

കാൻബെറ: ഓസ്‌ട്രേലിയയിൽ ആക്രമണത്തിനിരയായ ഇന്ത്യന്‍ വിദ്യാർത്ഥി ശുഭം ഗാർഗിൻ്റെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 6 ന് രാത്രി 10.30 ന് ശുഭം ഗാർഗ് പസഫിക് ഹൈവേയിലൂടെ നടക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡാനിയൽ നോർവുഡ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി ചെയ്യുന്ന ശുഭം ഗാർഗ് എന്ന വിദ്യാർത്ഥിയ്‌ക്കാണ്‌ കുത്തേറ്റത്. മുഖത്തും നെഞ്ചിലും വയറിലുമായി പതിനൊന്നോളം കുത്തേറ്റതായാണ് റിപ്പോർട്ട്. 27 കാരനായ പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി ഡെയ്‌ലി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച കാൻബറയിലെ ഹൈക്കമ്മീഷനും സിഡ്നിയിലെ കോൺസുലേറ്റും സംഭവത്തെക്കുറിച്ച് പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രവാസ്തവനയിൽ അറിയിച്ചു. ഐ.ഐ.ടി. മദ്രാസിൽ നിന്ന് ബി ടെക്കും കൂടാതെ സയൻസില്‍ ബിരുദാനന്തര  ബിരുദവും പൂർത്തിയാക്കിയ ശുഭം സെപ്റ്റംബര്‍  1നാണ് ഓസ്‌ട്രേലിയയിൽ എത്തിയത്.