Spiritual

ചോറ്റാനിക്കര മകം തൊഴലിന് വിപുലമായ ക്രമീകരണങ്ങള്‍

16 February 2023 , 12:31 PM

 

 

കൊച്ചി: മാര്‍ച്ച് 6 ന് നടക്കുന്ന ചോറ്റാനിക്കര മകം തൊഴലിനോടനുബന്ധിച്ച് ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളുമേര്‍പ്പെടുത്തുമെന്ന് എറണാകുളം  ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. 

കഴിഞ്ഞ വര്‍ഷം 1,20,000 പേരാണ് മകം തൊഴാനെത്തിയത്. കോവിഡ് ഭീതി മാറിയ സാഹചര്യത്തില്‍ ഈ വര്‍ഷം കൂടുതല്‍ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇതു മുന്നില്‍ക്കണ്ടുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. 

തിരക്ക് നിയന്ത്രിക്കുന്നതിനായി 790 പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. നാല് ഡിവൈഎസ്പിമാര്‍, 13 സിഐമാര്‍, 131 എസ്‌ഐ അല്ലെങ്കില്‍ എഎസ്‌ഐമാര്‍, 417 സിപിഒമാര്‍, 225 വനിതാ പോലീസുകാര്‍ എന്നിങ്ങനെയാകും പോലീസിന്റെ വിന്യാസം. സ്ത്രീകള്‍ കൂടുതലായി എത്തുന്നതിനാല്‍ വനിതാ പോലീസിന്റെ സജീവ സാന്നിധ്യം സ്ഥലത്തുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വൊളന്റിയര്‍മാരുടെ സേവനവും ഉറപ്പാക്കും. 

ചോറ്റാനിക്കര ജിവിഎച്എസ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ക്കുളള പാര്‍ക്കിംഗ്. പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം ക്രമീകരിക്കുന്നതിന് പഞ്ചായത്തിനെ ചുമതലപ്പെടുത്തി. 

ഭക്തര്‍ക്ക് ദര്‍ശനത്തിനായി ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് ക്യു സംവിധാനമൊരുക്കും. പന്തലിന്റെയും ബാരിക്കേഡുകളുടെയും ഫിറ്റ്‌നെസ് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. 

നാലാം തീയതി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കും. ക്ഷേത്രക്കുളത്തിന്റെ വശങ്ങളും ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കും. 

അഗ്നിസുരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തുണ്ടാകും. സമീപത്തെ കടകളിലും മറ്റും അഗ്നിബാധയുണ്ടാകാതിരിക്കുന്നത് പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി. 

ക്ഷേത്രത്തിലും സമീപത്തും മുഴുവന്‍ സമയവും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. ആവശ്യമെങ്കില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ അധികമായി സ്ഥാപിക്കും. 24 മണിക്കൂറും കെഎസ്ഇബി ജീവനക്കാരുടെ സേവനം ലഭ്യമാക്കും.