Agricultural

തൊടിയിലും മട്ടുപ്പാവിലും കുറ്റി കുരുമുളക് കൃഷി ചെയ്യാം

04 December 2022 , 10:30 AM

 

                                                                   

കുരുമുളക് ചെടിയുടെ പ്രധാന തണ്ടിന്റെ വശങ്ങളിലേക്ക് വളരുന്ന പാർശ്വ ശാഖകൾ ഉപയോഗിച്ചാണ് കുറ്റികുരുമുളക് ഉണ്ടാക്കുന്നത്. ഇവ ചെടിച്ചട്ടിയിലോ നിലത്തോ വളർത്തുകയും ചെയ്യാം. പാർശ്വശാഖകൾ നാലഞ്ച് മുട്ടുകൾ വീതം നീളമുള്ള കഷ്ണങ്ങളായി മുറിച്ചെടുത്തു അഗ്രഭാഗത്തുള്ള ഇല ഒഴിച്ച് ബാക്കി എല്ലാ ഇലകളും മുറിച്ചു മാറ്റണം. പാർശ്വശാഖകൾ വേരു പിടിച്ചു കിട്ടാൻ പ്രയാസമായതിനാൽ തണ്ടിന്റെ അറ്റം ഏതെങ്കിലും റൂട്ടിങ് ഹോർമോണിൽ മുക്കിയെടുത്തു വേണം നടാൻ. ഐ. ബി. എ എന്ന ഹോർമോൺ 200 എം.ജി  ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇത് സാധിക്കാത്തവർ മുറിപ്പാടിൽ ചിരട്ടക്കരി വെള്ളത്തിൽ ചാലിച്ച് പുരട്ടി നട്ടാലും മതി. വേരുപിടിപ്പിക്കാൻ പറ്റിയ സമയം സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ്. ചെടിച്ചട്ടികളിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ കൂട്ടിക്കലർത്തിയ പോട്ടിങ് മിശ്രിതത്തിൽ വേരുപിടിപ്പിച്ചു തൈകൾ നടാം. മഴക്കാലത്തു ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കണം. വേനൽക്കാലത്തു തണൽ കൊടുക്കണം. മൂന്ന് മാസത്തിലൊരിക്കൽ ഒരു ചെടിക്ക് 100g ഉണക്കി പൊടിച്ച ചാണകവും 30 ഗ്രാം 10:6:14 എൻ.പി.കെ രാസവള മിശ്രതവും ചേർത്ത് കൊടുക്കണം. കീട രോഗനിയന്ത്രണത്തിനായി ജൈവ കീടനാശിനികളും , സ്യൂഡമോണാസും രണ്ടാഴ്ച ഇടവിട്ട് തിളച്ചു കൊടുക്കാം . നട്ട് ഒരു വർഷം കഴിയുമ്പോൾ ചെടികൾ കായ്ച്ചു തുടങ്ങും. രണ്ടാം വർഷം മുതൽ ശരിയായ  വിളവ് ലഭിച്ചു തുടങ്ങും. നന്നായി പരിപാലിച്ചാൽ ഒരു ചട്ടിയിൽ നിന്ന് ഒരു വർഷത്തിൽ 500 ഗ്രാം മുതൽ ഒരു  കി. ഗ്രാം വരെ ഉണങ്ങിയ കുരുമുളക് ലഭിക്കും. ഗ്രോ ബാഗുകളിലും, മട്ടുപ്പാവിലും കുറഞ്ഞ മുതൽ മുടക്കിലും ഇതു വളർത്തി എടുക്കാം. ഇൻഡോർ പ്ലാന്റ് ആയും അലങ്കാര ചെടിയായും ഇതു ഉപയോഗിക്കാവുന്നതാണ്.

 

- കടപ്പാട്:  ഹരികുമാർ മാവേലിക്കര