Spiritual

കാർത്തിക പൊങ്കാലയ്ക്കായി ചക്കുളത്തുകാവില്‍ നിലവറദീപം തെളിഞ്ഞു

04 December 2022 , 2:16 PM

 

 

ചക്കുളത്തുകാവ്: കാർത്തിക  പൊങ്കാലയ്ക്ക് ശുഭാരംഭം കുറിച്ച് ചക്കുളത്തുകാവില്‍ നിലവറദീപം തെളിഞ്ഞു.ഇനി വ്രതാനുഷ്ഠാനത്തിന്റെ രണ്ടു നാളുകള്‍. മൂല കുടുംബത്തിലെ നിലവറയിലെ കെടാവിളക്കില്‍നിന്ന് ക്ഷേത്രം മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പകര്‍ന്നു നല്‍കിയ ദീപം  മൂലകുടുംബ ക്ഷേത്രത്തിനു വലംവെച്ച് താലപ്പൊലിയുടെയും മറ്റും അകമ്പടിയോടെ ഘോഷയാത്രയായി എത്തി ചക്കുളത്തുകാവ് ക്ഷേത്രനടയിലെ കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിലേക്ക് രാവിലെ പത്ത്മണിയോടെ ക്ഷേത്രം ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ടും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി ദീപം പകർന്നതോടെ ഈ വർഷത്തെ കാർത്തിക പൊങ്കാലയ്ക്ക് ശുഭാരംഭമായി. മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, കാര്യദർശി അശോകൻ നമ്പൂതിരി, കാര്യദർശി രഞ്ജിത്ത് ബി. നമ്പൂതിരി, എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ജയസൂര്യ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, അജിത്ത് പിഷാരത്ത്, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് എം.ബി. രാജീവ്, സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

ഡിസംബര്‍ ഏഴ്  ബുധനാഴ്ചയാണ് പൊങ്കാല. അഭീഷ്ടസിദ്ധിക്കും മംഗല്യസൗഭാഗ്യത്തിനും ഐശ്വര്യ പ്രാപ്തിക്കുമാണ് ലക്ഷക്കണക്കിനു ഭക്തര്‍ ചക്കുളത്തുകാവില്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. ഭക്തരെ വരവേല്‍ക്കാനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.