Spiritual

അത്തമെത്തി; പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..

29 August 2022 , 10:09 PM

 

വീണ്ടുമൊരു ഓണക്കാലമെത്തി. അത്തം മുതൽ പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കുന്നവരാണ് മലയാളികൾ. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. മുൻപ് പറമ്പും കുന്നും മലയും പാടവും താണ്ടി പൂക്കുടകളുമായി പൂക്കൾ തേടിപോകുന്ന കുട്ടികളുടെ ആഘോഷ തിമർപ്പുകളാണ് അത്തമെത്തിയെന്ന് ഓർമ്മപ്പെടുത്തിയിരുന്നതെങ്കിൽ, ഇപ്പോൾ സജീവമാകുന്ന പൂക്കളുടെ വിപണിയാണ് അത്തത്തെ വരവേൽക്കുന്നത്.

അത്തം മുതൽ തിരുവോണം വരെയുള്ള പത്തു നാളുകളാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. കർക്കിടകം വിട പറഞ്ഞതോടെ പൂത്തു തളിർത്ത പ്രകൃതിയിലെ നാടൻ പൂക്കളായ തുമ്പ, മുക്കുറ്റി, തെച്ചി, നന്ത്യാർവട്ടം, കോളാമ്പി പൂക്കൾ എന്നിവയെല്ലാം അത്തപ്പൂക്കളത്തിൽ സ്ഥാനം കണ്ടെത്താറുണ്ട്.

ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു.

ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. ചോതി നാള്‍ മുതലാണ് പൂക്കളത്തിൽ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നത്.