health

വീണ്ടും കെണിയിലാക്കുമോ കോവിഡ് വകഭേദം

22 December 2022 , 8:46 AM

 

ബി എഫ് 7 വകഭേദം നിലവിൽ നാലു കേസുകൾ സ്ഥിരീകരിച്ചു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ കോവിഡ് കാലങ്ങളിൽ നാം അനുഭവിച്ച ദുരിതങ്ങൾ വിവരണാതീതമാണ്. പ്രിയപ്പെട്ടവരെ നഷ്ടമായവർ, വലിപ്പ ചെറുപ്പമില്ലാതെ തകർന്നടിഞ്ഞ ധാരാളം വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, കോവിഡ് കാലത്തെ ശമ്പളക്കുടിശ്ശിക ഇനിയും വിതരണം ചെയ്തു തീർക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ. കോവിഡ് പിടികൂടിയതിൻ്റെ ആഫ്റ്റർ എഫ്ഫക്റ്റ് ഇനിയും അനുഭവിച്ചു കഴിഞ്ഞിട്ടില്ലാതെ ചുമയും ശ്വാസകോശ രോഗവും മറ്റുമായി കഴിയുന്ന മറ്റൊരു വിഭാഗം. കഴിഞ്ഞ കോവിഡ് കാലം നമുക്ക് സമ്മാനിച്ച ദുരിതങ്ങൾ അനുഭവിച്ചു തീർന്നിട്ടില്ല നമ്മൾ. ഇതിനിടയിലേക്കാണ് പുതിയ വക ഭേദമായി കോവിഡ് 19 വീണ്ടുമെത്തുന്നത് കൂടുതൽ ജാഗ്രത അനിവാര്യമാണ്. മുൻകാല അനുഭവങ്ങൾ പരിചയാക്കി കരുതലോടെയിരിക്കാം   

                 എന്നാൽ 28 ശതമാനം പേർ മാത്രമേ കരുതൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ  കൊവിഡ് കരുതൽ വാക്സിനുമായി ബന്ധപ്പെട്ട് നടപടികൾ കേന്ദ്രസർക്കാർ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ  സംസ്ഥാനങ്ങളോട് കരുതൽ വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യമായ വാക്സിനുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. മുൻനിര പോരാളികൾക്ക് എല്ലാവർക്കും കരുതൽ വാക്സിൻ അടിയന്തിരമായി നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിൽ പറയുന്നു. ചൈനയിൽ പടരുന്ന കൊവിഡിൻ്റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. അതുകൊണ്ടു തന്നെ  വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ചൈനയിൽ പടരുന്ന ബി എഫ് 7 വകഭേദം രാജ്യത്ത് ആശങ്ക ഉയർത്തിയിട്ടില്ലെന്ന് വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയം. നിലവിൽ നാലു കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഇത്. 

ബി എഫ് 7 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ വളരെ കുറവാണെങ്കിലും കൊവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ കാലത്ത് കൊവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖമന്ത്രി പറ‍ഞ്ഞു.