health

വയാഗ്ര മരുന്ന് അല്‍ഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്

Laavanya Lal

08 January 2023 , 10:55 PM

 

ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിക്കുന്ന വയാഗ്ര മരുന്ന്
അല്‍ഷിമേഴ്‌സിനുമുള്ള ചികിത്സക്കായി ഉപയോഗിക്കാമെന്ന് പഠനറിപ്പോര്‍ട്ട്. സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡ് നാമമാണ് വയാഗ്ര. അത് ഹൃദയത്തിലേക്കുളള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ലൈംഗിക ഉത്തേജനത്തിനായും ഇത് ഉപയോഗിച്ച് വരുന്നു.
രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവില്‍ ഫലപ്രദമായ ചികിത്സയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
മരുന്നിന്റെ ഉപയോക്താക്കളും അല്ലാത്തവരുമായി താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതിനായി ഗവേഷകര്‍ യുഎസിലെ 7 ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുളള വിവരങ്ങളാണ് തേടിയത്.
ആറ് വര്‍ഷത്തെ പഠനത്തിന് ശേഷം സില്‍ഡെനാഫില്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുളള സാധ്യത 69% കുറവാണെന്ന് അവര്‍ കണ്ടെത്തി. അല്‍ഷിമേഴ്‌സ് രോഗത്തില്‍ മരുന്നിന്റെ സാധ്യതയെക്കുറിച്ച് കൂടുതല്‍ ഗവേഷണം ചെയ്യാന്‍ ഗവേഷകര്‍ ഒരു ലാബ് മോഡല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിട്ട് അല്‍ഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുക എന്നതാണ് ലക്ഷ്യം.