health

വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

03 February 2023 , 4:46 PM

 

വയനാട്: എറണാകുളത്തിന് പിന്നാലെ വയനാട്ടിലും നോറോ വൈറസ് സ്ഥിരീകരിച്ചു. കല്‍പ്പറ്റയില്‍  ഛര്‍ദിയും വയറുവേദനയും ബാധിച്ച് ചികിത്സ തേടിയ വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ 98 വിദ്യാര്‍ഥികള്‍ക്കാണ് ചര്‍ദിയും വയറിളക്കവും ബാധിച്ചത്. ഇവര്‍ പലസമയങ്ങളിലായി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് നേരത്തേ പ്രതിരോധം ഊര്‍ജിതമാക്കിയിരുന്നു. സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ നേരത്തേ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. പൊതുജനം ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ജനുവരി 24ന് ഒരു കുട്ടിക്കാണ് ആദ്യമായി ലക്ഷണം ആരംഭിച്ചത്. തുടര്‍ന്ന് 27ന് 11 കുട്ടികള്‍ക്കും 30ന് 66 കുട്ടികള്‍ക്കും സമാന ലക്ഷണമുണ്ടായി. ആര്‍ക്കും ഗുരുതര പ്രശ്നമില്ലെങ്കിലും കുട്ടികള്‍ ആരോഗ്യ വകുപ്പിന്റെ സജീവ നിരീക്ഷണത്തിലാണ്. കുടിവെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.