health

പ്രമേഹ നിയന്ത്രണം ക്ഷയരോഗസാധ്യത കുറയ്ക്കുമെന്ന് ഗവേഷണഫലം

Lavanya

06 November 2022 , 5:46 AM

 

ആലപ്പുഴ: കൃത്യമായ പ്രമേഹ നിയന്ത്രണം ക്ഷയരോഗം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കുമെന്ന് ഗവേഷണഫലം. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് ചീഫ് കണ്‍സള്‍ട്ടന്റും (അഡീഷണല്‍ ഡയറക്ടര്‍) ശ്വാസകോശവിഭാഗം മേധാവിയുമായ ഡോ. കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഈ  കണ്ടെത്തല്‍. അമൃതം ആരോഗ്യം പദ്ധതി പ്രകാരം പ്രമേഹ ചികിത്സയും കൃത്യമായ മേല്‍നോട്ടവും നടത്തുന്ന 166 പ്രമേഹ രോഗികളിലാണ് പഠനം നടത്തിയത്. 80 ശതമാനം രോഗികള്‍ക്ക് ചുമ ഉള്‍പ്പടെയുള്ള ക്ഷയ രോഗ ലക്ഷണങ്ങളുണ്ടെങ്കിലും 35 പേരുടെ  കഫ പരിശോധനയില്‍ വെറും നാല് പേര്‍ക്ക് മാത്രമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ക്ഷയരോഗം കണ്ടെത്തിയത്. പുതുതായി ആര്‍ക്കും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ മാസം 11 മുതല്‍ 13 വരെ രാജസ്ഥാനിലെ ഉദയപ്പൂരില്‍ നടക്കുന്ന  ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെ 24-ാംമത് ദേശീയ സമ്മേളനത്തില്‍ ഇത് ഉള്‍പ്പെടെ മൂന്ന് ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കാന്‍ ഡോ. വേണുഗോപാലിന് ക്ഷണം ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ഗവേഷണത്തിന് കോടികളുടെ സാമ്പത്തിക സഹായം ഉണ്ടെങ്കിലും അത്തരം യാതൊരു സഹായമില്ലാത്ത ജനറല്‍ ആശുപത്രികളില്‍ അപൂര്‍വമായേ ഗവേഷണം നടക്കുന്നുള്ളൂ. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും അവതരിപ്പിച്ചയാളാണ് ഡോ. വേണുഗോപാല്‍.