Sports

കേരളപൂരം വളളംകളിയിൽ 'ജവഹർ തായങ്കരി'ക്ക് ഹാട്രിക്ക്

02 September 2022 , 2:59 AM

 

ലണ്ടൻ: നാലാമത്  യുക്മ കേരളപൂരം വള്ളംകളിയിൽ വിജയ കിരീടം ചൂടി ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂളിന്റെ ചുണക്കുട്ടികൾ. തായങ്കരി വള്ളത്തിൽ മത്സരത്തിനെത്തിയ ലിവർപൂൾ തുടർച്ചയായ മൂന്നാം തവണയാണ് വിജയികളായത്. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ 27 ടീമുകൾ അണിനിരന്നപ്പോൾ, തായങ്കരി വള്ളത്തിൽ തോമസ്കുട്ടി ഫ്രാൻസീസിൻറെ നേതൃത്വത്തിൽ ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂൾ ഒന്നാം സ്ഥാനം നേടി യുക്മ ട്രോഫിയും 1000 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി.  സിനിമാ താരം ഉണ്ണി മുകുന്ദനിൽ നിന്നും വിജയികൾ യുക്മ ട്രോഫി ഏറ്റു വാങ്ങി. മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് വള്ളത്തിൽ എസ്.എം.എ സാൽഫോർഡ് ബോട്ട് ക്ലബ്ബ് രണ്ടാം സ്ഥാനവും ബെന്നി മാവേലി നായകനായുള്ള കുമരകം വള്ളത്തിൽ റോയൽ 20 ബർമിംങ്ഹാം ബോട്ട് ക്ലബ്ബ് മൂന്നാം സ്ഥാനവും മാർട്ടിൻ വർഗ്ഗീസ്സ് ക്യാപ്റ്റനായ പുന്നമട വളളത്തിൽ ലണ്ടൻ ചുണ്ടൻ ബോട്ട് ക്ളബ്ബ്‌ നാലാം സ്ഥാനവും ആൻറണി ചാക്കോ നയിച്ച കാവാലം വള്ളത്തിൽ ബി.എം.എ ബോൾട്ടൺ ബോട്ട് ക്ലബ്ബ് അഞ്ചാം സ്ഥാനവും ജിനോ ജോൺ ക്യാപ്‌റ്റനായ കാരിച്ചാൽ വള്ളത്തിൽ 7 സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ്ബ് ആറാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ സാൽഫോർഡ് ട്രോഫിയും 750 പൌണ്ട്‌ ക്യാഷ് പ്രൈസും സിൽവർ മെഡലുകളും മൂന്നാം സ്ഥാനത്തെത്തിയ റോയൽ 20 ട്രോഫിയും 500 പൌണ്ട് ക്യാഷ്‌ പ്രൈസും ബ്രോൺസ് മെഡലുകളും കരസ്ഥമാക്കി. യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തിയ ലണ്ടൻ ചുണ്ടൻ, ബോൾട്ടൺ, കവൻട്രി ടീമുകൾക്ക് ട്രോഫികൾ സമ്മാനമായി ലഭിച്ചു. നാല് ടീമുകൾ അണി നിരന്ന വനിതകളുടെ പ്രദർശന മത്സരത്തിൽ സ്കന്തോർപ്പ് "പെൺകടുവകൾ" ഒന്നാം സ്ഥാനവും റോഥർഹാം രണ്ടാം സ്ഥാനവും ഐൽസ്ബറി മൂന്നാം സ്ഥാനവും എസ്.എം.എ സാൽഫോർഡ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് എരുമേലി ഫാമിലി, സ്കന്തോർപ്പ് സ്‌പോൺസർ ചെയ്ത ട്രോഫിയും ഗോൾഡ് മെഡലും രണ്ടാം സ്ഥാനക്കാർക്ക് പ്ളാമ്മോതിൽ ഫാമിലി, സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും സിൽവർ മെഡലും മൂന്നാം സ്ഥാനക്കാർക്ക് സോണി ജെയിംസ്‌ ആൻറ് ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും ബ്രോൺസ് മെഡലും നാലാം സ്ഥാനക്കാർക്ക് മനോജ് കെ.വി ആൻറ് ഫാമിലി സ്‌കന്തോർപ്പ് സ്‌പോൺസർ ചെയ്ത ട്രോഫിയും സമ്മാനമായി ലഭിച്ചു.

 യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ഇന്ത്യൻ, ബ്രിട്ടീഷ് ദേശീയ പതാകകൾ ഉയർത്തിയതോടെ ആരംഭിച്ച പരിപാടികളിൽ പങ്കെടുക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.   വിനോദ്‌ നവധാര നേതൃത്വം നൽകിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച മാർച്ച് പാസ്‌റ്റിന് യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്‌സ് ജോർജ്ജ്, വൈസ് പ്രസിഡൻറ്മാരായ ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, ജോയിൻറ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്‌മിത തോട്ടം, ജോയിന്റ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം, കേരളപൂരം വള്ളംകളി ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പി ആർ ഒ യും മീഡിയ കോർഡിനേറ്ററുമായ അലക്‌‌സ് വർഗ്ഗീസ്സ്, പ്രോഗ്രാം കോർഡിനേറ്റർ മനോജ്കുമാർ പിള്ള, യുക്മ ന്യൂസ്‌ ചീഫ്‌ എഡിറ്ററും യുക്മ റീജിയണൽ പ്രസിഡൻറുമായ സുജു ജോസഫ്, വള്ളംകളി മത്സരത്തിന്റെ ചുമതല വഹിച്ചിരുന്ന യുക്‌മ ദേശീയ സമിതിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡൻ്റുമാരായ വർഗ്ഗീസ്സ് ഡാനിയൽ, ബിജു പീറ്റർ, ജോർജ്ജ് തോമസ്സ്, സുരേന്ദ്രൻ ആരക്കോട്ട്, ദേശീയ സമിതി അംഗങ്ങളായ ഷാജി തോമസ്, ടിറ്റോ തോമസ്‌, അഡ്വ. ജാക്സൺ തോമസ്, സണ്ണിമോൻ മത്തായി, നോർത്ത് ഈസ്റ്റ് റീജിയൻ കോർഡിനേറ്റർ ജിജോ മാധവപ്പള്ളി മത്സര നടത്തിപ്പിന് നേതൃത്വം നൽകിയ ജേക്കബ്ബ് കോയിപ്പിള്ളി, വിവിധ റീജിയണുകളിൽ നിന്നുമുള്ള ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തെ അനുസ്മരിച്ച് ഇന്ത്യൻ ദേശീയ പതാകകളേന്തിയാണ് ടീം അംഗങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. മാർച്ച് പാസ്‌റ്റ് പ്രധാന വേദിയിൽ എത്തിയതിനെ തുടർന്ന് നിലവിലെ ചാമ്പ്യൻമാരായിരുന്ന ടീമിൻ്റെ ലിവർപൂൾ ടീം ക്യാപ്റ്റൻ തോമസ്കുട്ടി ഫ്രാൻസീസ് ടീം അംഗങ്ങൾക്കുള്ള സത്യപ്രതിഞ്ജ ചൊല്ലികൊടുത്തു.

യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന  സമ്മേളനത്തിൽ മുഖ്യാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, മാളവിക അനിൽകുമാർ, മാസ്റ്റർ ഷെഫ് സുരേഷ് പിള്ള എന്നിവരോടൊപ്പം യുക്മ ദേശീയ ഭാരവാഹികളും  പങ്കെടുത്തു.