Sports

രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്

03 July 2023 , 6:16 PM

 

 

ആലപ്പുഴ: സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിൽ യുബിസി കൈനകരിയുടെ പിൻബലത്തിൽ എത്തിയ നടുഭാഗം ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖൻ ട്രോഫിയ്ക്കുവേണ്ടിയുള്ള  പോരാട്ടത്തിൽ ചെറുതനയേയും ആയാപറമ്പ് വലിയദിവാൻജിയേയുമാണ് പരാജയപ്പെടുത്തിയത്. രണ്ട് വള്ളപ്പാടിനാണ് നടുഭാഗം വിജയിച്ചത്.

        ഹീറ്റ്സ് മത്സരത്തിലെ ആദ്യപോരാട്ടത്തിൽ ആയാപറമ്പ് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി വിജയിച്ചു. കേരള പൊലീസ് തുഴഞ്ഞ ജവഹർ തായങ്കരിയെയാണ് അവർ തോൽപ്പിച്ചത്. രണ്ടാം ഹീറ്റ്സിൽ ചെറുതന ചുണ്ടനും മൂന്നാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും വിജയിച്ചു. 

      മത്സര വള്ളംകളിയ്ക്ക്  തുടക്കമായത്, ആലപ്പുഴ കളക്ടർ ഹരിത വി. കുമാർ പതാക ഉയർത്തിയതോടെയാണ്. വള്ളംകളി കൃഷിമന്ത്രി പി. പ്രസാദാണ് ഉദ്ഘാടനം ചെയ്തു. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം അധികൃതർ ചടങ്ങുകൾ നടത്തി. ഉദ്ഘാടന ചടങ്ങിൽ തോമസ് കെ. തോമസ് എംഎൽഎ അദ്ധ്യക്ഷനായിരുന്നു.

       വള്ളംകളിയ്ക്കിടയിൽ വനിതകളുടെ കളിവള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. വള്ളത്തിലുണ്ടായിരുന്നവരെ ചമ്പക്കളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വള്ളത്തിലുണ്ടായിരുന്ന 26 പേരും സുരക്ഷിതരാണ്. സ്റ്റാർട്ടിംഗിലെ പിഴവാണ് അപകടകാരണം. വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളങ്ങൾ ഫിനിഷ് ചെയ്യുന്നതിന് മുമ്പ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം സ്റ്റാർട്ട് ചെയ്തിരുന്നു. താരതമ്യേന വേഗം കുറഞ്ഞ തെക്കനോടി വള്ളങ്ങൾക്ക് മത്സരം പൂർത്തിയാക്കാൻ 10 മിനിട്ടോളം ആവശ്യമാണ്. എന്നാൽ, വേഗതയേറിയ ചുണ്ടൻ വള്ളങ്ങൾ 4-5 മിനിട്ടുകൾ കൊണ്ട് മത്സരം പൂർത്തിയാക്കും. ചുണ്ടൻ വള്ളങ്ങൾ ഫിനിഷിംഗ് പോയിൻ്റിനോടടുക്കുമ്പോൾ വനിതകളുടെ വള്ളങ്ങൾ ഫിനിഷ് ചെയ്തിരുന്നില്ല. ചുണ്ടൻ വള്ളങ്ങളുടേയും സ്പീഡ് ബോട്ടുകളുടേയും ഓളത്തിൽപ്പെട്ട് വനിതകൾ തുഴഞ്ഞ വള്ളങ്ങളിലോന്ന് മറിയുകയായിരുന്നു.