News

തുറമുഖവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ അറസ്‌റ്റോടെ ജലയാനങ്ങളുടെ സര്‍വേ നിർത്തി മറ്റ് ഉദ്യോഗസ്ഥർ

21 June 2023 , 9:28 AM

 

 

കൊച്ചി: താനൂര്‍ ബോട്ടുദുരന്തത്തില്‍ അന്വേഷണസംഘം തുറമുഖ വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥരെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റു ചെയ്‌തതോടെ സംസ്‌ഥാനത്തു നിലവിലുള്ള മൂന്നു സര്‍വേയര്‍മാര്‍ ജലയാനങ്ങളുടെ സര്‍വേകള്‍ നിര്‍ത്തി. കഴിഞ്ഞ 13ന്‌ താനൂര്‍ ബോട്ട്‌ ദുരന്തം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ബേപ്പൂര്‍ പോര്‍ട്ടിലെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ വി.വി. പ്രസാദ്‌, ആലപ്പുഴ ഓഫീസിലെ ചീഫ്‌ സര്‍വേയര്‍ കെ. സെബാസ്‌റ്റ്യന്‍ ജോസഫ്‌ എന്നിവരെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റു ചെയ്‌തിരുന്നു. ഇവരുടെ അറസ്‌റ്റിനു ശേഷം സംസ്‌ഥാനത്തെ മുഴുവന്‍ ജലയാനങ്ങളുടെയും സര്‍വേ നടത്തേണ്ട കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൂന്നു സര്‍വേയര്‍മാരും നടപടികള്‍ നിര്‍ത്തിവെച്ചു നിസഹകരണത്തിലാണ്‌. ഇതുമൂലം ജലഗതാഗത വകുപ്പിന്റെയും, ടൂറിസം വകുപ്പിന്റെയും പോലീസിന്റെയും ഉള്‍പ്പെടെ ജലയാനങ്ങളുടെയും ഹൗസ്‌ ബോട്ടുകളുടെയും സര്‍വേ ഒരാഴ്‌ചയായി നിലച്ചിരിക്കുകയാണ്‌. തങ്ങള്‍ പരിശോധന നടത്തി സര്‍വേ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന ജലയാനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അറസ്‌റ്റിലായ ഉദ്യോഗസ്‌ഥരുടെ അവസ്‌ഥ തങ്ങള്‍ക്കും വരുമെന്നു കണ്ടാണ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധനകള്‍ നിര്‍ത്തിയതെന്നാണു സൂചന. 

കൊലക്കുറ്റം ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ അന്വേഷണസംഘം തുറമുഖ വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരെ ചുമത്തി. കഴിഞ്ഞ 13ന്‌ അറസ്‌റ്റിലായ ഇരുവരെയും താനൂര്‍ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തിരുന്നു. 

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ മുഴുവന്‍ ഉള്‍നാടന്‍ ജലയാനങ്ങളുടെയും സര്‍വേ നടപടികള്‍ ഈ മൂന്ന്‌ ഉദ്യോഗസ്‌ഥരാണ്‌ ചെയ്യേണ്ടത്‌. കോട്ടയത്തും ആലപ്പുഴയിലും മാത്രമായി 1500ല്‍ അധികം ഹൗസ്‌ ബോട്ടുകളും ശിക്കാര ബോട്ടുകളും ഉണ്ട്. മൂന്നു വര്‍ഷം കൂടുമ്പോള്‍ ഡ്രൈ ഡോക്ക്‌ ചെയ്യുന്ന ബോട്ടുകളും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടതും ഈ ഉദ്യോഗസ്‌ഥര്‍ തന്നെയാണ്. ഇതും നിലച്ചിരിക്കുകയാണ്‌. വര്‍ഷാവര്‍ഷം ബോട്ടുകളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റായ സര്‍വേ സര്‍ട്ടിഫിക്കറ്റ്‌ പുതുക്കിയില്ലെങ്കില്‍ ജലയാനങ്ങള്‍ സര്‍വീസ്‌ നടത്തരുതെന്നാണു നിയമം. ഇങ്ങനെ സര്‍വീസ്‌ നടത്തി അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ലഭിക്കില്ല.