education

അതിർത്തിക്കല്ലുകൾ കാണാതെ പോയാൽ എന്തുചെയ്യണം?

11 October 2022 , 4:05 PM

 

തിരുവനന്തപുരം: സ്ഥലങ്ങൾ വേർതിരിക്കുന്ന അതിർത്തി കല്ലുകൾ കാലക്രമേണ കാണാതെ പോകാറുണ്ട്. ഇതോടെ അതിർത്തി തർക്കങ്ങൾ ജനങ്ങളുടെ ഇടയിൽ സംഭവിക്കാറുണ്ട്. ചിലപ്പോൾ അതിർത്തികല്ലുകൾ മണ്ണിനടിയിൽ പോകുകയോ, അല്ലെങ്കിൽ സമീപവാസികൾ മനപൂർവം നശിപ്പിക്കുകയോ ചെയ്യാറുണ്ട്. അതിർത്തിക്കല്ലുകൾക്ക് നാശം വരാതെ നോക്കേണ്ട ഉത്തരവാദിത്വം വസ്തു ഉടമയ്ക്കുണ്ട്. എന്നിരുന്നാലും അടയാളങ്ങൾ നഷ്ടപ്പെട്ടാൽ കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ടത് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെ കടമയാണ്. ആയതിന് പത്താം നമ്പര്‍ ഫാറത്തില്‍ ബന്ധപ്പെട്ട ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി ഫീസ് ഒടുക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയര്‍ അപേക്ഷകന്റെ അതിര്‍ത്തി പങ്കിടുന്ന എല്ലാ ഭൂവുടമകള്‍ക്കും നോട്ടീസ് നല്‍കി സ്ഥലം അളന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ചു നല്‍കുന്നു.

സർവ്വേ ഓഫീസറുടെ നടപടിക്രമങ്ങളുടെ തീരുമാനം ബന്ധപ്പെട്ട വസ്തു ഉടമകളെ രേഖമൂലം അറിയിക്കേണ്ടതാണ്. ഈ നടപടിയില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ജില്ലാ സര്‍വ്വെ സൂപ്രണ്ടിന് അപ്പീല്‍ നല്‍കി പരിഹാരം തേടാവുന്നതാണ്. തർക്കങ്ങളുണ്ടെങ്കിൽ വസ്തുവിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാൻ സർവ്വേ അധികാരികൾക്ക് അധികാരമില്ല. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും. തുടര്‍ന്നും തർക്കമോ ആക്ഷേപമോ ഉള്ള പക്ഷം സെക്ഷൻ 14 പ്രകാരം സിവില്‍ കോടതിയെ സമീപിക്കാവുന്നതാണ്.