Sports

അന്ന് വിതുമ്പി കരഞ്ഞു, മെസിയെ കാണാന്‍ ഖത്തറിലേക്ക് നിബ്രാസ് യാത്രയായി

07 December 2022 , 1:56 AM

 

 

 

കാസര്‍കോട്: ആദ്യ കളിയില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കരഞ്ഞ നിബ്രാസിനെ ഓര്‍മ്മയില്ലാത്തവരുണ്ടാകില്ല.

തന്റെ പ്രിയപ്പെട്ട ടീം തിരിച്ചുവരുമെന്നാണ് അന്ന് നിബ്രാസ് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ തന്നെ ലോകകപ്പ് നേരിട്ട് കാണാനുള്ള ഭാഗ്യം നിബ്രാസിനെ തേടിയെത്തി. ഇപ്പോൾ മെസിയെ കാണാന്‍ ഖത്തറിലേക്കുള്ള യാത്രയിലാണ് നിബ്രാസ്. നിബ്രാസിനെ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ മത്സരം കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സ്‌പോണ്‍സറും സ്മാര്‍ട്ട് ട്രാവല്‍ ഉടമയുമായി യു പി സി ആഫി അഹമ്മദ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് യാത്രയിലേക്ക് നിബ്രാസ് യാത്ര തിരിച്ചു.

മൂന്നോ നാലോ ദിവസം നിബ്രാസ് ദുബായിലുണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷാര്‍ജ ബര്‍ദുബായ് മേഖലകളില്‍ കഴിയുന്ന മണിയനോട് സ്വദേ ശികളാണ് നിബ്രാസിന്റെ ആതിഥേയര്‍. ഒരു മാതൃ സഹോദനും ഇവിടെയുണ്ട്. നേരത്തെ ബന്ധുക്കളോടൊപ്പം യു എ ഇയില്‍ പോയിട്ടുണ്ടെങ്കിലും ഇത്തവണ ആദ്യമായാണ് ഒറ്റയ്ക്ക് പറക്കുന്നത്. ദുബായില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് ഖത്തറിലേക്ക് പുറപ്പെടുന്നത്.

തന്റെ കുടുംബക്കാരെല്ലാം അര്‍ജന്റീന ആരാധകരാണെന്ന് നിബ്രാസ് നേരത്തെ പറഞ്ഞിരുന്നു. പ്രിയപ്പെട്ട താരം മെസിയുമാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നിബ്രാസിന് ഫുട്ബോളിനോട് താല്‍പര്യമുണ്ട്. അന്നത്തെ വീഡിയോ കണ്ട് ഖത്തറില്‍ നിന്നും സൗദിയില്‍ നിന്നും ഒരുപാട് പേര്‍ വിളിച്ചിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മെസിയെ നേരിട്ടു കാണുകയെന്ന് നിബ്രാസ് പറഞ്ഞു. ആ ആഗ്രഹമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിബ്രാസ്. ഉപ്പയും ഉപ്പയുടെ അനിയന്മാരുമാണ് നീിബ്രാസിന് ഫുട്ബോളിന്റെ ബാല പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. മെസിയെ കാണാന്‍ പോകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിബ്രാസ് പറഞ്ഞു. രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ പരാജയപ്പെടുത്തിയതിന് പിന്നാലെ നിബ്രാസിനെ ഈ സന്തോഷ വാര്‍ത്ത എത്തിയത് .

ആദ്യ കളിയില്‍ നിരാശപ്പെടുത്തിക്കൊണ്ടാണ് അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൗദി അറേബ്യയോട് പരാജയപ്പെട്ടത്. അപ്രതീക്ഷിത തോല്‍വി ആരാധകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ നിരാശ പങ്കുവച്ചിരുന്നു.