News

വേഗം സർട്ടിഫിക്കേറ്റ് നിർദ്ദേശത്തിന് പുല്ലുവില; വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങി ജനം

10 October 2022 , 7:55 AM

 

തിരുവനന്തപുരം: ഒരു വ്യക്തിയുടെ ഏതൊരാവശ്യത്തിനും വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വിവിധ സർട്ടിഫിക്കേറ്റുകൾ ആവശ്യമാണ്. ഓരോ ആവശ്യങ്ങൾക്കുമായി പല തവണ ഓഫീസുകൾ കയറിയിറങ്ങിയുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാർ സർക്കാർ ആവിഷ്കരിച്ച വേഗം സർട്ടിഫിക്കേറ്റ് പദ്ധതിയോട് ഉദ്യോഗസ്ഥർ മുഖം തിരിക്കുകയാണ്. നിലവിൽ ഒരു ദിവസം രണ്ടായിരം സർട്ടിഫിക്കറ്റ് വരെ കൊടുക്കേണ്ട അവസ്ഥയാണ് വില്ലേജ് ഓഫീസുകളിൽ . ജനത്തിനാവശ്യമുള്ള സർട്ടിഫിക്കറ്റുകൾ വകുപ്പുകളിൽനിന്ന് എളുപ്പത്തിൽ ലഭിക്കാൻ സർക്കാർ മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ ഒരു വർഷമായിട്ടും നടപ്പാലാകാത്തതാണ് ഇതിന് തടസം. വിവിധ വകുപ്പധികൃതർ വ്യക്തമായ ഉത്തരവിറക്കാത്തതാണു കാരണം.

പല സർട്ടിഫിക്കറ്റുകൾക്കും രേഖകൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്നത് ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തൽ നിർദേശിച്ചിരുന്നു. നോട്ടറി പബ്ലിക്കിന്റെ സാക്ഷ്യവും ഒഴിവാക്കി. അപേക്ഷാഫീസ് ഒഴിവാക്കുക, അപേക്ഷാഫോം ലളിതമാക്കുക, ഒരു സർട്ടിഫിക്കറ്റുതന്നെ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുക, സർട്ടിഫിക്കറ്റുകൾക്ക് കൂടുതൽ കാലാവധി നൽകുക തുടങ്ങി ഒട്ടേറേ ഗുണകരമായ നിർദേശങ്ങളാണ് കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ നിർദേശത്തിലുള്ളത്. ഇതു സമയബന്ധിതമായി നടപ്പാക്കിയിരുന്നെങ്കിൽ വില്ലേജ് ഓഫീസുകളിൽ അനുഭവപ്പെടുന്ന തിരക്കിന് പരിഹാരമാകുമായിരുന്നു. നിലവിലുള്ള ഉത്തരവുകളിൽ ആവശ്യമായ ഭേദഗതിവരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുംചെയ്തു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഒരു നീക്കവുമുണ്ടായില്ല.

ഒരു ദിവസം രണ്ടായിരം സർട്ടിഫിക്കറ്റ് വരെ കൊടുക്കേണ്ട അവസ്ഥയാണ് വില്ലേജ് ഓഫീസുകളിൽ. സർക്കാർ നിർദേശങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാരുടെ സംസ്ഥാന കൂട്ടായ്മയായ വോയ്സ് ഓഫ് റവന്യൂ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി.

 

നടപ്പാകാത്ത നിർദേശങ്ങൾ

 

സർട്ടിഫിക്കറ്റിൽ ഏതാവശ്യത്തിനാണെന്ന് എഴുതരുത്. പല ആവശ്യത്തിന് ഉപയോഗിക്കാം.

 

അപേക്ഷകന്റെ സത്യവാങ്മൂലം മാത്രം വാങ്ങി ചില സർട്ടിഫിക്കറ്റുകൾ നൽകാം.

 

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് കേരളത്തിൽ ജനിച്ചവർക്ക് ജനനസർട്ടിഫിക്കറ്റോ അഞ്ചുവർഷം കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ മതി.

 

ജാതി സർട്ടിഫിക്കറ്റിന് പകരമായി അപേക്ഷകന്റെ വിദ്യാഭ്യാസരേഖയിൽ ജാതി രേഖപ്പെടുത്തിയാൽ മതി.

 

റെസിഡെൻസ് സർട്ടിഫിക്കറ്റിന് പകരം പുതിയ വൈദ്യുതി, കുടിവെള്ള, ടെലിഫോൺ ബില്ലുകൾ, കെട്ടിടനികുതി രസീത് എന്നിവയിലേതെങ്കിലും മതി.

 

മൈനോറിറ്റി സർട്ടിഫിക്കറ്റിനു പകരം വിദ്യാഭ്യാസരേഖകളിൽ മതം രേഖപ്പെടുത്തിയാൽ മതി.

 

വൺ ഓഫ് ദ സെയിം സർട്ടിഫിക്കറ്റിന് അപേക്ഷകന്റെ സത്യവാങ്മൂലം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതി.

 

മിശ്രവിവാഹ സർട്ടിഫിക്കറ്റിനു പകരം ദമ്പതിമാരുടെ വിദ്യാഭ്യാസരേഖയിൽ ജാതി രേഖപ്പെടുത്തുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്താൽ മതി.