News

ബില്ല് പാസാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങി : പഞ്ചായത്ത് അംഗത്തെ വിജിലൻസ് പിടികൂടി

14 November 2022 , 8:24 AM

 

പാലക്കാട് : ബില്ല്‌ ഒപ്പിട്ട്‌ നൽകിയതിന്‌ കരാറുകാരനിൽനിന്ന്‌  10,000 രൂപ കൈക്കൂലി വാങ്ങവെ നെല്ലിയാമ്പതി പഞ്ചായത്തിലെ യുഡിഎഫ് അംഗം വിജിലൻസ്‌ പിടിയിൽ. യുഡിഎഫിലെ ആർഎസ്‌പി വിഭാഗം അംഗമായ വികസന സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി സഹനാഥനെയാണ്‌ ശനി പകൽ 1.15 ന്‌ പഞ്ചായത്ത്‌ ഓഫീസിനുസമീപം പിടികൂടിയത്‌. കരാറുകാരനായ പി കെ ഭാസ്‌കരൻ 2019 - 20 കാലഘട്ടത്തിൽ നിർമാണമേറ്റെടുത്ത്‌ പൂർത്തിയാക്കിയ 20 ലക്ഷം രൂപയുടെ അന്തിമ ബില്ല്‌ മാറിനൽകാൻ മോണിറ്ററിങ്‌ കമ്മിറ്റി അംഗമായ സഹനാഥൻ ഒപ്പിടേണ്ടിയിരുന്നു. ഇതിനാണ്‌ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്‌. ഇക്കഴിഞ്ഞ മാർച്ചിൽ ബില്ല്‌ നൽകിയിട്ടും പാസാക്കാത്തത്‌ അന്വേഷിച്ചപ്പോഴാണ്‌ സഹനാഥൻ ഒപ്പിട്ടിട്ടില്ലെന്ന്‌ മനസിലായത്‌. ഇതിനായി സഹനാഥനെ സമീപിച്ചപ്പോൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ബില്ല്‌ മാറിയശേഷം കൈക്കൂലി നൽകാമെന്ന്‌ കരാറുകാരൻ അറിയിച്ചതിനെതുടർന്ന്‌ ഈ മാസം ആദ്യം ഒപ്പിടുകയും ബില്ല്‌ മാറിനൽകുകയും ചെയ്‌തു. ഇതിനുശേഷം കരാറുകാരനെ വിളിച്ച്‌ തുക നൽകാൻ നിർബന്ധിച്ചു. കരാറുകാരൻ ഈ വിവരം പാലക്കാട്‌ വിജിലൻസിനെ അറിയിച്ചു.

 

ഡിവൈഎസ്‌പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തുവച്ച്‌ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റ്‌ ചെയ്യുകയായിരിന്നു. ആദ്യ ബില്ല്‌ പാസാക്കി നൽകുന്നതിനും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.