News

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

25 September 2022 , 8:00 AM

 

മലപ്പുറം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിലമ്പൂരിൽ പൊതുദർശനമുണ്ടാകും. 1935 മേയ് 15 ന്‌ നിലമ്പൂരിലാണ്‌ ജനിച്ചത്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കോൺഗ്രസ് അംഗമായി 1952-ലാണ്‌ രാഷ്ട്രീയപ്രവേശനം. 1958 മുതൽ കെപിസിസി അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ കെ നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി വി മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ. റിയാസ് അലി (പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്‌ദൻ). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്‌ദ‌ൻ, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ