Sports

പുന്നമടയിലെ പൂരത്തിന് മുമ്പേ യു.കെയിൽ മലയാളികളുടെ വള്ളംകളിപ്പൂരം

Rajesh Kesavan

26 August 2022 , 1:20 PM

 

ലണ്ടൻ: ആലപ്പുഴ പുന്നമടക്കായലിൽ നെഹൃ ട്രോഫിയുടെ ആരവം ഉയരും മുമ്പേ കടലുകൾക്കിപ്പുറം മാൻവേഴ്സ് തടാകം മലയാളികളുടെ ആവേശപ്പൂരത്തിന് ഒരുങ്ങി. യു.കെയിലെ മലയാളികള്‍ ആവേശത്തോടെ  കാത്തിരിക്കുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള "കേരളാ പൂരം  നാളെ  ശനിയാഴ്ച്ച മാന്‍വേഴ്സ് തടാകത്തിൽ അരങ്ങേറും.  യൂറോപ്പിലെ പുന്നമട കായലാകുവാന്‍ ഈ തടാകം ഒരുങ്ങിക്കഴിഞ്ഞു. ജവഹർ തായങ്കരി ,കാരിച്ചാൽ ,ചമ്പക്കുളം തുടങ്ങി കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളുടെ പേരിട്ട വള്ളങ്ങളിലാണ് നീണ്ട ദിവസങ്ങളുടെ തയ്യാറെടുപ്പുകളോടെ ടീമുകൾ സജ്ജരായത്. ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ തുടങ്ങി മുഖ്യാതിഥികൾ എത്തി. ഇവരെ ലണ്ടനിൽ യുക്മ ലണ്ടൻ കോർഡിനേറ്ററും വള്ളംകളിയുടെ ജനറൽ കൺവീനറുമായ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ  ജോയിൻറ് ട്രഷറർ എബ്രഹാം പൊന്നും പുരയിടവും ചേർന്ന് സ്വീകരിച്ചു. പിന്നണി ഗായിക മാളവിക അനിൽകുമാറിനെ മുൻ യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോയും സ്വീകരിച്ചു. മലയാളിയുടെ രുചിക്കൂട്ട് ലോകത്തിന് മുന്നിൽ സ്നേഹത്തിൽ ചാലിച്ച് വിളമ്പുന്ന ഷെഫ് പിള്ള നേരത്തേ തന്നെ യുക്മയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നിരുന്നു.

തടാകത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പാര്‍ക്കില്‍ കഴിഞ്ഞ മൂന്ന് തവണയും ലഭിച്ചതു പോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. യു.കെയിലെ വിവിധ  ഭാഗങ്ങളില്‍ നിന്നുമുള്ള 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. മത്സരിക്കുന്ന ടീമുകള്‍ക്കൊപ്പം തന്നെ യുക്മയിലെ അംഗ അസോസിയേഷനുകളും വണ്‍ ഡേ ഫാമിലി ടൂര്‍ എന്ന നിലയില്‍ ബസ്സുകളിലും കോച്ചുകളിലുമായിട്ടാണ് എത്തിച്ചേരുന്നത്. കോച്ചുകള്‍ക്കും കാറുകള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.   "കേരളാ പൂരം 2022"നോട് അനുബന്ധിച്ച് എല്ലാവര്‍ക്കും ആസ്വദിക്കത്തക്ക വിധമുള്ള വിവിധ സൗകര്യങ്ങള്‍ മാന്‍വേഴ്സ് തടാകത്തിന്റെ  പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.