News

അടൂരില്‍ ഇരട്ടപ്പാലം ഇന്ന് ഉദ്ഘാടനം ചെയ്യും

14 December 2022 , 9:50 AM

 

 

 

അടൂര്‍: നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിര്‍മ്മിച്ച ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും.

         അടൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഇരട്ടപ്പാലത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. അടൂര്‍ ടൗണിലെ വലിയ തോടിനു കുറുകെ രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ 11.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെയും നിര്‍മ്മാണം 2018 നവംബറിലാണ് ആരംഭിച്ചത്. അടൂരില്‍ നിലവിലുള്ള പാലത്തിന് സമാന്തരമായി 25 മീറ്റര്‍ നീളത്തിലും, 9.75 മീറ്റര്‍ വീതിയിലുമാണ് ഇരട്ടപ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. നെല്ലിമൂട്ടില്‍പടി മുതല്‍ കരുവാറ്റ വരെ 2.70 കിലോമീറ്റര്‍ ദൂരമുള്ള ടൗണ്‍ റോഡിലും വണ്‍വേ റോഡിലും പൈപ്പ് ലൈന്‍ പുന:സ്ഥാപിച്ച് റോഡിന് വീതി കൂട്ടി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി. അതോടൊപ്പം അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര റോഡും പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കി. മഴ പെയ്താല്‍ ടൗണിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമായി ഓടയും നടപ്പാതയും നിര്‍മ്മിച്ചു. റോഡ് വശങ്ങളില്‍ ഇന്റര്‍ലോക്ക് പാകുകയും ട്രാഫിക് ഐലന്റുകള്‍ നവീകരിച്ച് റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.

ഉദ്ഘാടന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കെആര്‍എഫ്ബി സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, പ്രതിപക്ഷ നേതാവ് ഡി. ശശികുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍ തുടങ്ങിയവർ പങ്കെടുക്കും.