News

മന്ത്രിയും സിഐയും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായ പരാതിയിലെ പ്രതി അറസ്റ്റിൽ

25 August 2022 , 8:43 AM

 

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ. അനിലും വട്ടപ്പാറ സിഐ ഡി.ഗിരിലാലും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായ കേസിൽ പ്രതിയായ രണ്ടാനച്ഛനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ആക്രമിച്ചെന്ന അമ്മയുടെ പരാതിയിലാണു നാലാഞ്ചിറ സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പരാതി ലഭിച്ച് ഒന്നര ദിവസത്തിനു ശേഷമാണ് അറസ്റ്റ്. രണ്ടാനച്ഛനായ ചെറി ചെറിയാൻ തോമസ് 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപിച്ചുവെന്ന പരാതിയുമായാണ് അധ്യാപികയായ ഭാര്യ വട്ടപ്പാറ പോലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം പരാതി രേഖാമൂലം നൽകാൻ തയാറായില്ലെന്നു പോലീസ് പറയുന്നു. നിർബന്ധിച്ചശേഷമാണ് മൊഴി നൽകിയത്. ഭർത്താവിനു മാനസിക പ്രശ്നങ്ങളുള്ളതിന്റെ രേഖകൾ പരാതിക്കാരി ഹാജരാക്കിയിരുന്നു. ഭർത്താവിനെ തിരക്കി പോലീസ് ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.ഏതാനും മാസങ്ങളായി ചെറിയും ഭാര്യയും അകന്നു താമസിക്കുകയാണ്. അതിനിടെ ഈ മാസം 17ന് കുട്ടിയെ സ്കൂളിൽനിന്നു വിളിച്ചിറക്കി ഉപദ്രവിച്ചെന്നാണ് പരാതി. ആദ്യം പരാതി നൽകിയപ്പോൾ ചെറി ഭീഷണിപ്പെടുത്തിയെന്നു പരാതിക്കാരി പറയുന്നു. ഇതോടെ വൈകുന്നേരം ഏഴു മണിക്ക് പരാതിയുമായി വട്ടപ്പാറ പോലീസ് സ്റ്റേഷനിലെത്തി. ഈ സമയം സിഐ സ്ഥലത്തുണ്ടായിരുന്നില്ല. പരാതി വാങ്ങിവച്ച എസ്ഐ ഒന്നര മണിക്കൂറായിട്ടും കാര്യമായ നടപടികളിലേക്കു കടക്കാതിരുന്നതോടെയാണ് സുഹൃത്തുക്കൾ മുഖേന മന്ത്രിയെ വിവരമറിയിച്ചതെന്ന് പരാതിക്കാരി പറയുന്നു.പരാതിയുമായെത്തിയ ഇവർ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് മന്ത്രി സിഐയെ വിളിച്ചതും ഇവർ തമ്മിലുള്ള സംഭാഷണം വാക്കേറ്റത്തിലെത്തിയതും. ഫോൺ സംഭാഷണം വിവാദമായതോടെ സിഐയെ വിജിലൻസിലേക്കു മാറ്റിയിരുന്നു. മന്ത്രിയുടെ ഓഫീസിൽനിന്നുള്ള പരാതിയെത്തുടർന്നായിരുന്നു നടപടി. സ്ഥലംമാറ്റം ന്യായീകരിക്കാൻ ഗിരിലാലിനൊപ്പം 5 സിഐമാരെക്കൂടി മാറ്റുകയും ചെയ്തു. 'ന്യായം’ നോക്കി ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെയാണ് സിഐയെ മാറ്റി ഡിജിപി അനിൽകാന്ത് ഉത്തരവ് ഇറക്കിയത്.