News

തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഭവം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

24 August 2022 , 9:49 AM

 

തിരുവനന്തപുരം:  പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ആണ് പൊലീസ് തിരിച്ചറിഞ്ഞത്. മൂന്നു മാസമായി ഇയാൾ തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി  രക്ഷപ്പെട്ടെന്നും കണ്ടെത്തി. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇന്നിറക്കുമെന്നാണ് അറിയുന്നത്. കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്. വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് നടത്തിയ അന്വേഷണത്തിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികൾക്കായി വ്യാപക തിരച്ചിൽ നടന്നുവരികയാണ്.