News

ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പോലീസ് റിപ്പോര്‍ട്ട് തള്ളി പട്ടികവര്‍ഗ്ഗ കമ്മിഷന്‍

14 February 2023 , 6:43 PM

 

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായി തള്ളി പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മിഷന്‍. നാല് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മിഷന്‍ നിരീക്ഷിച്ചു. ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന്  പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മിഷന്‍ ചോദിച്ചു. പട്ടികവര്‍ഗ്ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിനോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മിഷന്‍ ബി.എസ്. മാവോജി പറഞ്ഞു. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷന്‍ ചോദിച്ചു. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോള്‍ ഉള്ള മനോഭാവം മാറണം. നിറം കറുപ്പായതിനാലും മോശം വസ്ത്രം ആയതിനാലും വിശ്വനാഥനെ ആളുകള്‍ കളിയാക്കി കാണും. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചു കാണുമെന്നും  പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിരീക്ഷിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരിട്ട് ഹാജരായ അസിസ്റ്റന്റ് കമ്മീഷണറോടാണ് കമ്മീഷന്റെ നിര്‍ദ്ദേശം.