education

വാഗ്ദാനം ചെയ്ത എന്റെ സ്കോളർഷിപ്പ് എവിടെ? : മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ആദം ഹാരി

18 December 2022 , 9:35 AM

 

തിരുവനന്തപുരം:  പെെലറ്റ് പരിശീലനത്തിനായി അനുവദിച്ച സ്കോളർഷിപ്പ് തുക ലഭിക്കാൻ സെക്രട്ടറിയേറ്റ് കയറിയിറങ്ങി അപമാനിതനായ ട്രാൻസ്ജെൻഡർ ആദം ഹാരി മുഖ്യമന്ത്രിക്കെതിരെ തുറന്ന കത്തുമായി രംഗത്ത്.

'എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്. എനിക്ക് ആ സ്കോളർഷിപ്പ് തുക അനുവദിക്കുമോ ഇല്ലയോ. ഇല്ലെങ്കിൽ പറയണം ഞാൻ നിർത്തിയേക്കാം. ഇങ്ങനെ തുടങ്ങുന്നു ആദം ഹാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ഈ ആവശ്യത്തിനായി ചില വകുപ്പുകളിൽ എത്തുമ്പോൾ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണെന്നും ആദം ഹാരി പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം :-

 

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan, സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr. R. Bindu, ബഹുമാനപ്പെട്ട MP A A Rahim സർ,

 

 2019 ഇൽ എല്ലാ മാധ്യമങ്ങളുടെയും മുൻപിൽ വെച്ച് ആഘോഷമായി തന്നെ K K Shailaja Teacher അന്നൗൻസ് ചെയ്ത എന്റെ scholarship ന്റെ പേരിൽ ഞാൻ ദിവസേന പല ആളുകളുമായി ബന്ധപെടുകയും പോയി കാണുകയും ചെയ്യുന്നുണ്ട്. സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങാത്ത വകുപ്പുകൾ ഇല്ല. ആദ്യം release ചെയ്ത scholarship എല്ലാവർക്കും അറിയുന്നതുപോലെ DGCA guideline ലേ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ തുടരാൻ സാധിക്കില്ലായിരുന്നു... പുതിയ ഗൈഡ്ലൈൻ കൊണ്ടുവന്നെങ്കിൽ പോലും അതിലും എനിക്ക് Gender affirmative procedures തുടരുന്നതിനു പരിമിതികൾ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു വർഷം മുൻപേ ഞാൻ തുടർ പഠനത്തിനായി അനുവതിച്ച scholarship SouthAfrica യിലേക്ക് മാറ്റാനായി അപേക്ഷ നൽകി. ഇത്രനാളായി കാണാത്ത ആളുകളും മന്ത്രിമാരും ഇല്ല. എന്റെ വയസും സമയവും കടന്നു പോകുകയാണ്. എന്റെ File പോകുന്ന ചില Department ലേ ആളുകളുടെ പെരുമാറ്റവും വളരെ Rude ആയാണ്. മാധ്യമങ്ങൾക്കും സർക്കാരിനും ആഘോഷിക്കാൻ മാത്രം പേരിനൊരു ആദ്യത്തെ Transgender എന്ന് പറഞ്ഞുകൊണ്ട് Label തരുമ്പോൾ, ആ ആഘോഷങ്ങളുടെ കാലയളവു വളരെ ചെറുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.. അത് കഴിഞ്ഞാൽ ആർക്കും വേണ്ടാത്തവരായി മാറും... എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്... എനിക്ക് ആ scholarship തുക അനുവദിക്കുമോ ഇല്ലയോ...??? ഇല്ലെങ്കിൽ പറയണം ഞാൻ നിർത്തിയേക്കാം...! നിർത്തുന്നതിനേക്കാൾ സങ്കടം ഇത്രയും സമയം ഞാൻ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്പോളാണ്.... ഇനിയും വയ്യ തരില്ലെങ്കിൽ അറിയിക്കണം... നടക്കാത്ത സ്വപ്‌നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വയ്യ.... അപേക്ഷയാണ് 🙏

 

Transgender വ്യക്തികൾക്കും,ദളിത്, Disabled വ്യക്തികൾക്കും കിട്ടേണ്ട അവകാശങ്ങൾ ഇത്തരത്തിൽ വൈകിപ്പിക്കുകയും വെറും വാഗ്ദാനങ്ങളായി മാറുകയും ചെയ്യുന്നത് വർഷങ്ങളായി തുടരുന്ന ഒരു കാര്യമാണ്...

 

NB: Facebookil എഴുതാൻ പോലും പേടിയാണ്...

എന്തിനാണ് പബ്ലിക്കായി പോസ്റ്റിടുന്നത് പരാതി കൊടുത്തൂടെ എന്ന് ചോദികുന്ന ഉദ്യോഗസ്ഥരുണ്ട്, പരാതി ഒരുപാട് കൊടുത്തതാണ്... ഒരുപാടു പേരെ കണ്ടതാണ്... ഇനി എഴുതാതെ വയ്യെന്ന് തോന്നി... മറുപടി നൽകണം🙏

-- 

2019 അന്നത്തെ മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചർ ആദം ഹാരിയെ അഭിനന്ദിച്ചും സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തു ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്

ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായി ആദം ഹാരി (20) ചരിത്രത്തിലേക്ക്‌ നടന്നടുക്കുകയാണ്‌. അവഗണിക്കപ്പെടും മുമ്പേ സർക്കാർ ഇടപെട്ട്‌ ആദം ഹാരിയുടെ പൈ ലറ്റാവാനുള്ള സ്വപ്നങ്ങൾക്ക്‌ ചിറക്‌ നൽകുകയായിരുന്നു. എയര്‍ലൈന്‍ പൈലറ്റാകന്നതിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ സാമൂഹ്യനീതി വകുപ്പ് എല്ലാ സഹായങ്ങളും ഒരുക്കുകയാണ്. പഠനം പൂര്‍ത്തിയാക്കാനായി 25 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിക്കുന്നത്. പ്ലാന്‍ഫണ്ടില്‍ നിന്നും 23.34 ലക്ഷം രൂപയും സാമൂഹ്യ സുരക്ഷ മിഷന്‍ വി കെയല്‍ പദ്ധതി വഴി 2 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. സർക്കാർ സഹായത്തോടെ തന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍പോകുന്നതിലെ സന്തോഷം ആദം ഹാരി നേരിട്ടെത്തി അറിയിച്ചപ്പോൾ, ലോകം കീഴടക്കിയതിന്‌ സമാനമായ ആ ഭാവം ഞങ്ങൾക്കും കാണാൻ സാധിച്ചു.    

 

ആദം ഹാരിയുടെ ചെറുപ്പത്തിലേയുള്ള മോഹമായിരുന്നു ഒരു പൈലറ്റ് ആകണമെന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണെന്ന് നേരത്തെ തന്നെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെങ്കിലും പുറത്താര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ തന്നെ ആദം ഹാരിയുടെ മോഹമനുസരിച്ച് ജോഹന്നാസ് ബര്‍ഗില്‍ പ്രൈവറ്റ് പൈലറ്റ് കോഴ്‌സിന് ചേര്‍ത്തു. ലോണെടുത്താണ് പഠനത്തിനുള്ള തുക കണ്ടെത്തിയത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി പൈലറ്റ് ആകുന്നെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ ഇക്കാര്യം വീട്ടുകാര്‍ അറിയുകയും എല്ലാം മാറിമറിയുകയും ചെയ്തു. ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതോടെ ആദം ഹാരിയെ ഒരു വര്‍ഷത്തോളം വീട്ടില്‍ തളച്ചിട്ടു.തുടര്‍ന്ന് പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. കിടക്കാനൊരിടം ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങി. ഇതറിഞ്ഞ ചില ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളാണ് സർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെട്ടതെന്നാണ്‌ ആദം ഹാരി അറിയിച്ചത്‌. എന്തായാലും സാമൂഹ്യക്ഷേമ വകുപ്പ്‌ ഇക്കാര്യത്തിൽ ഇടപെട്ട്‌ താമസംവിനാ തീരുമാനം എടുത്തുകഴിഞ്ഞിരിക്കുന്നു.

 

ഇന്ത്യയിലെ പല ഏവിയേഷന്‍ അക്കാഡമികളേയും സമീപിച്ചെങ്കിലും അവരാരും അഡ്മിഷന്‍ നല്‍കാന്‍ തയ്യാറായില്ല. അവസാനം രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുടെ ട്രെയിനി പൈലറ്റ് കോഴ്‌സില്‍ ചേരുന്നതിനുള്ള എല്ലാ സഹായവും വകുപ്പ് നടത്തിക്കൊടുത്തു. 

 

ആദം ഹാരി ആദ്യമായി എന്നെ കാണാന്‍ വന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. ഒരു തൊഴില്‍ അന്വേഷിച്ചാണ് കാണാന്‍ വന്നത്. എന്നാല്‍ നമുക്ക് പറക്കേണ്ടേ എന്നാണ് ഞാന്‍ ചോദിച്ചത്. അതിപ്പോള്‍ സാക്ഷാത്ക്കരിച്ചതില്‍ സന്തോഷമുണ്ട്. ജീവിതം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് സാമൂഹ്യനീതി വകുപ്പ് തുണയായതെന്ന് ആദം ഹാരിഹാരിയുടെ വാക്കുകൾ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള അംഗീകാരമായി സമർപ്പിക്കുന്നു. 

 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്‌. അവരുടെ പഠനത്തിനും പരിശീലനത്തിനും ജോലിക്കും താമസത്തിനുമായുള്ള സമഗ്ര പദ്ധതികളാണ് നടത്തി വരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരോടുള്ള അവഗണനയ്‌ക്കെതിരെ ഏതറ്റംവരേയും പൊരുതും. പരിശ്രമിച്ചാല്‍ എത്ര ഉയരെ വേണോ എത്താമെന്നതിന് ഉദാഹരണമാണ് ഹാരി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.